YouVersion Logo
Search Icon

1 ദിനവൃത്താന്തം 12

12
1കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിത്- അവർ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു; 2അവർ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്‍വാനും സമർഥന്മാരുമായിരുന്നു:- ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്, 3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ, യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ. 4മുപ്പതു പേരിൽ വീരനും മുപ്പതു പേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്, 5എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്, 6എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം; 7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്, 8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുർഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു. 9അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്, 10നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്, 11ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ, 12എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്, 13പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി. 14ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറു പേർക്കും വലിയവൻ ആയിരം പേർക്കും മതിയായവൻ. 15അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്‌വരനിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു. 16ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു. 17ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കൈയിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്ക് എന്നെ കാണിച്ചുകൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു. 18അപ്പോൾ മുപ്പതു പേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു:
ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ,
യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നെ;
സമാധാനം, നിനക്കു സമാധാനം;
നിന്റെ തുണയാളികൾക്കും സമാധാനം;
നിന്റെ ദൈവമല്ലോ നിന്നെ തുണയ്ക്കുന്നത് എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിനു തലവന്മാരാക്കി. 19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്റെ നേരേ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; അവർ അവർക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ട്: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞ് അവനെ അയച്ചുകളഞ്ഞു. 20അങ്ങനെ അവൻ സിക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലഥായി എന്നീ മനശ്ശേയസഹസ്രാധിപന്മാർ അവനോടു ചേർന്നു. 21അവരൊക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവർച്ചക്കൂട്ടത്തിന്റെ നേരേ ദാവീദിനെ സഹായിച്ചു. 22ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീർന്നു.
23യഹോവയുടെ വചനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിന് ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിത്: 24പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തി എണ്ണൂറു പേർ. 25ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ ഏഴായിരത്തി ഒരുനൂറു പേർ. 26ലേവ്യരിൽ നാലായിരത്തി അറുനൂറു പേർ. 27അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തി എഴുനൂറു പേർ. 28പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ. 29ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം പേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു. 30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തി എണ്ണൂറു പേർ. 31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം പേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി കുറിച്ചിരുന്നു. 32യിസ്സാഖാര്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്ന് അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറു പേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു. 33സെബൂലൂനിൽ യുദ്ധസന്നദ്ധരായ സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിനു പുറപ്പെട്ടവർ അമ്പതിനായിരം പേർ. 34നഫ്താലിയിൽ നായകന്മാർ ആയിരം പേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവർ മുപ്പത്തേഴായിരം പേർ. 35ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ. 36ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവർ നാല്പതിനായിരം പേർ. 37യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേർ. 38അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിനും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിനു ഐകമത്യപ്പെട്ടിരുന്നു. 39അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കുവേണ്ടി വട്ടംകൂട്ടിയിരുന്നു. 40യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ദിനവൃത്താന്തം 12