YouVersion Logo
Search Icon

SAM 144

144
വിജയത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രാർഥന
ദാവീദിന്റെ സങ്കീർത്തനം
1എന്റെ അഭയശിലയായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.
അവിടുന്ന് എന്നെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു.
പട പൊരുതാൻ എന്നെ അഭ്യസിപ്പിക്കുന്നു.
2അവിടുന്ന് എന്റെ അഭയശിലയും എന്റെ കോട്ടയുമാണ്.
എന്റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്,
അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
അവിടുന്നു ജനതകളെ കീഴടക്കുന്നു.
3സർവേശ്വരാ, അവിടുന്നു മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ?
അവിടുത്തെ പരിഗണന ലഭിക്കുവാൻ അവന് എന്ത് അർഹത?
4മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്;
അവന്റെ ജീവിതം കടന്നുപോകുന്ന നിഴൽ പോലെയാകുന്നു.
5സർവേശ്വരാ, അങ്ങ് ആകാശം ഭേദിച്ചു ഇറങ്ങിവരണമേ.
അവിടുന്നു പർവതങ്ങളെ സ്പർശിക്കണമേ; അവ പുകയട്ടെ.
6അവിടുന്നു മിന്നൽ അയച്ചു ശത്രുക്കളെ ചിതറിക്കണമേ,
അസ്ത്രങ്ങൾ അയച്ച് അവരെ തുരത്തണമേ.
7അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുക്കണമേ.
അന്യജനതകളുടെ പിടിയിൽനിന്ന് എന്നെ രക്ഷിക്കണമേ.
8അവർ വ്യാജം സംസാരിക്കുന്നു.
വലങ്കൈ ഉയർത്തി കള്ളസ്സത്യം ചെയ്യുന്നു.
9ദൈവമേ, ഞാൻ അങ്ങേക്കു പുതിയ പാട്ടു പാടും.
പത്തു കമ്പിയുള്ള വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
10അവിടുന്നാണ് രാജാക്കന്മാർക്കു വിജയം നല്‌കുന്നത്.
അവിടുന്നാണ് അവിടുത്തെ ദാസനായ ദാവീദിനെ രക്ഷിക്കുന്നത്.
11ക്രൂരരായ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ.
വിജാതീയരുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ.
അവർ വ്യാജം സംസാരിക്കുന്നു.
വലങ്കൈ ഉയർത്തി കള്ളസ്സത്യം ചെയ്യുന്നു.
12ഞങ്ങളുടെ പുത്രന്മാർ മുളയിലേ തഴച്ചുവളരുന്ന ചെടികൾപോലെയും
ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിലെ ശില്പസുന്ദരമായ തൂണുകൾപോലെയും ആയിരിക്കട്ടെ.
13എല്ലാവിധ ധാന്യങ്ങൾകൊണ്ടും ഞങ്ങളുടെ കളപ്പുരകൾ നിറഞ്ഞിരിക്കട്ടെ.
ഞങ്ങളുടെ ആടുകൾ മേച്ചിൽപ്പുറങ്ങളിൽ ആയിരവും പതിനായിരവുമായി പെരുകട്ടെ.
14ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ
അകാലപ്രസവമോ ഇല്ലാതെ സമൃദ്ധമായി വർധിക്കട്ടെ.
ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം കേൾക്കാതിരിക്കട്ടെ.
15ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്.
സർവേശ്വരൻ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്.

Currently Selected:

SAM 144: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in