THUFINGTE 31
31
ഒരു രാജാവിനുള്ള ഉപദേശം
1മസ്സായിലെ ലെമൂവേൽ രാജാവിന്റെ വചനങ്ങൾ:
ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്.
2എന്റെ പ്രാർഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ,
എന്താണു ഞാൻ നിന്നോടു പറയേണ്ടത്?
3സ്‍ത്രീകൾക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി
നശിപ്പിക്കുന്ന സ്‍ത്രീകൾക്കു നിന്റെ കഴിവുകളും നല്‌കരുത്.
4വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല.
ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല;
മദ്യാസക്തി ഭരണാധിപന്മാർക്ക് ഉചിതമല്ല.
5അവർ മദ്യപിച്ചു കല്പനകൾ വിസ്മരിക്കുകയും
പീഡിതന്റെ ന്യായമായ അവകാശങ്ങൾ അവഗണിക്കുകയും ചെയ്യും.
6നശിക്കാൻ പോകുന്നവനു മദ്യവും
കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക.
7അവർ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ.
8മൂകനുവേണ്ടിയും അഗതിയുടെ അവകാശങ്ങൾക്കുവേണ്ടിയും
നീ സംസാരിക്കുക.
9നീ നീതിപൂർവം വിധി കല്പിക്കുക;
എളിയവന്റെയും ദരിദ്രന്റെയും അവകാശം സംരക്ഷിക്കുക.
സാമർഥ്യമുള്ള ഭാര്യ
10ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും?
അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ.
11ഭർത്താവ് അവളെ പൂർണമായി വിശ്വസിക്കുന്നു.
അയാളുടെ നേട്ടങ്ങൾ വർധിക്കും.
12അവൾ ആജീവനാന്തം തന്റെ ഭർത്താവിനു
നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല.
13അവൾ ആട്ടിൻരോമവും ചണവും ശേഖരിച്ച്
ഉത്സാഹത്തോടെ പണിയെടുക്കുന്നു.
14അവൾ വ്യാപാരിയുടെ കപ്പൽപോലെ
വിദൂരത്തുനിന്ന് ആഹാരസാധനങ്ങൾ കൊണ്ടുവരുന്നു.
15പുലരും മുമ്പേ ഉണർന്നു കുടുംബാംഗങ്ങൾക്ക് അവൾ ആഹാരം ഒരുക്കുന്നു.
പരിചാരികകൾക്കു ജോലി നിർദ്ദേശിക്കുന്നു.
16അവൾ നല്ല നിലം നോക്കി വാങ്ങുന്നു,
താൻ നേടിയ വകകൊണ്ട് അവൾ മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു.
17അവൾ അര മുറുക്കി ഉത്സാഹപൂർവം കഠിനാധ്വാനം ചെയ്യുന്നു.
18തന്റെ വ്യാപാരം ആദായകരമാണോ എന്ന് അവൾ പരിശോധിക്കുന്നു.
രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല.
19അവൾ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു.
20ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു.
21മഞ്ഞു പെയ്യുന്ന കാലത്ത് അവൾ സ്വഭവനത്തിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല.
വീട്ടിലുള്ള എല്ലാവർക്കും കമ്പിളി വസ്ത്രമുണ്ടല്ലോ.
22അവൾ സ്വന്ത കൈകൊണ്ടു വിരിപ്പുകൾ നിർമ്മിക്കുന്നു;
സ്വയം നെയ്തുണ്ടാക്കിയ നേർത്ത ലിനൻ കൊണ്ടുള്ള
കടുംചുവപ്പു വസ്ത്രങ്ങൾ അവൾ ധരിക്കുന്നു.
23അവളുടെ ഭർത്താവു ജനപ്രമാണികളോടൊത്തു
പട്ടണവാതില്‌ക്കൽ ഇരിക്കുമ്പോൾ ശ്രദ്ധേയനായിത്തീരുന്നു.
24അവൾ ലിനൻവസ്ത്രം ഉണ്ടാക്കി വില്‌ക്കുന്നു;
അരക്കച്ച നിർമ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു.
25ബലവും അന്തസ്സും അവൾ അണിയുന്നു;
ഭാവിയെ ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
26അവൾ ജ്ഞാനവചസ്സുകൾ മൊഴിയുന്നു;
ദയാപൂർണമായ ഉപദേശങ്ങൾ നല്‌കുന്നു.
27കുടുംബാംഗങ്ങളുടെ പെരുമാറ്റം അവൾ നല്ലവിധം നിരീക്ഷിക്കുന്നു.
അലസമായി ഇരുന്ന് അവൾ അഹോവൃത്തി കഴിക്കുന്നില്ല.
28അവളുടെ മക്കൾ അവളെ ആദരിക്കുന്നു;
ഭർത്താവും അവളെ പുകഴ്ത്തുന്നു.
29അനേകം ഉത്തമകുടുംബിനികൾ ഉണ്ട്;
നീയാകട്ടെ അവരെയെല്ലാം അതിശയിക്കുന്നു.
30വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യർഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ
പ്രശംസ അർഹിക്കുന്നു.
31അവളുടെ പ്രയത്നഫലം അവൾക്കു നല്‌കുവിൻ,
അവളുടെ പ്രവൃത്തികൾ പട്ടണവാതില്‌ക്കൽ പ്രകീർത്തിക്കപ്പെടട്ടെ.
Currently Selected:
THUFINGTE 31: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.