YouVersion Logo
Search Icon

THUFINGTE 30

30
ആഗൂറിന്റെ വചനങ്ങൾ
1മസ്സായിലെ യാക്കേയുടെ പുത്രനായ ആഗൂറിന്റെ വചനങ്ങൾ:
അദ്ദേഹം ഇഥിയേലിനോടും യുകാളിനോടും പറയുന്നു:
2മനുഷ്യനായിരിക്കാൻ യോഗ്യത എനിക്കില്ല;
ഞാൻ അത്രയ്‍ക്കു മൂഢനാണ്.
3ഞാൻ ജ്ഞാനം നേടിയിട്ടില്ല;
പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4സ്വർഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്?
കാറ്റിനെ തന്റെ മുഷ്‍ടിയിൽ ഒതുക്കിയതാരാണ്?
സമുദ്രത്തെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞതാരാണ്?
ഭൂമിയുടെ അതിരുകൾ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്?
അയാളുടെ പുത്രന്റെ പേരെന്ത്?
നിശ്ചയമായും അത് അങ്ങേക്കറിയാം.
5ദൈവത്തിന്റെ ഓരോ വചനവും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.
തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്നു പരിചയാണ്.
6അവിടുന്നു നിന്നെ ശാസിക്കാതെയും നീ അസത്യവാദിയെന്ന് അറിയപ്പെടാതെയും ഇരിക്കണമെങ്കിൽ,
അവിടുത്തെ വചനത്തോട് ഒന്നും കൂട്ടിച്ചേർക്കരുത്.
വേറെയും സുഭാഷിതങ്ങൾ
7രണ്ടു കാര്യങ്ങൾ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു;
മരണംവരെ അവ എനിക്കു നിഷേധിക്കരുതേ.
8അസത്യവും കാപട്യവും എന്നിൽനിന്ന് അകറ്റണമേ;
ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ;
എനിക്ക് ആവശ്യമുള്ള ആഹാരം നല്‌കി എന്നെ പോറ്റണമേ.
9അല്ലെങ്കിൽ സമൃദ്ധിയിൽ ഞാൻ ദൈവത്തെ അവഗണിക്കാനും
സർവേശ്വരൻ ആര് എന്നു ചോദിക്കാനും ഇടയാകാം.
എന്റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി
ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം.
10ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്;
അവൻ നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്.
11പിതാക്കന്മാരെ ശപിക്കുകയും മാതാക്കൾക്കു നന്മ നേരാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
12തങ്ങളുടെ മാലിന്യം നീക്കി ശുദ്ധരാകാതെ നിർമ്മലരെന്നു ഭാവിക്കുന്നവരുണ്ട്.
13മറ്റു ചിലർ ഗർവുള്ളവരാണ്;
അവരുടെ നോട്ടംപോലും അഹങ്കാരം നിറഞ്ഞതാണ്.
14വേറൊരു കൂട്ടർ എളിയവരെയും
മനുഷ്യരുടെ ഇടയിൽനിന്നു ദരിദ്രരെയും
വാളും കത്തിയും പോലുള്ള തങ്ങളുടെ പല്ലുകൾകൊണ്ടു കടിച്ചു തിന്നുന്നു.
15കന്നട്ടയ്‍ക്കു രണ്ടു പുത്രിമാരുണ്ട്;
തരിക, തരിക എന്നവർ മുറവിളി കൂട്ടുന്നു.
16ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്;
ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്.
പാതാളവും വന്ധ്യയുടെ ഗർഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും
ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ.
17പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ
നിന്ദിക്കുകയും ചെയ്യുന്നവന്റെ കണ്ണ് കാക്കകൾ കൊത്തിപ്പറിക്കുകയോ
കഴുകന്മാർ കൊത്തിത്തിന്നുകയോ ചെയ്യും.
18മൂന്നു കാര്യങ്ങൾ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു,
എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്,
19ആകാശത്തു കഴുകന്റെ പാത,
പാറയിലൂടെയുള്ള പാമ്പിന്റെ വഴി,
സമുദ്രത്തിൽ കപ്പലിന്റെ ചാൽ,
കന്യകയോടുള്ള പുരുഷന്റെ പെരുമാറ്റം.
20വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ.
അവൾ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു.
ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല.
21മൂന്നു കാര്യങ്ങൾകൊണ്ടു ഭൂമി വിറയ്‍ക്കുന്നു;
നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്.
22രാജാവായി തീരുന്ന അടിമ;
വയറു നിറയെ ഭക്ഷിച്ച ഭോഷൻ;
23യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി;
വിദ്വേഷമുള്ളവൾക്ക് ഭർത്താവിനെ ലഭിക്കുക.
24നാലു ജീവികൾ ഏറ്റവും ചെറുതെങ്കിലും
അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു.
25ഉറുമ്പ് ദുർബല ജീവിയാണെങ്കിലും
വേനൽക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു.
26കുഴിമുയലുകൾ കെല്പില്ലാത്ത ജീവികളെങ്കിലും പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28പല്ലിയെ നിങ്ങൾക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും
അവയെ കാണാൻ കഴിയുന്നു.
29പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്;
നടത്തത്തിൽ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്;
30മൃഗങ്ങളിൽ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം,
31നിവർന്നു തല ഉയർത്തി നടക്കുന്ന പൂവൻകോഴി, ആൺകോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്.
32നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വർത്തിക്കുകയോ,
ദുരാലോചനയിൽ ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ നിശബ്ദനായിരിക്കുക.
33പാൽ കടഞ്ഞാൽ വെണ്ണ കിട്ടും;
മൂക്കിനിടിച്ചാൽ ചോര വരും;
കോപം ഇളക്കിവിട്ടാൽ കലഹം ഉണ്ടാകും.

Currently Selected:

THUFINGTE 30: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in