THUFINGTE 19
19
1ദുർഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം
സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്.
2പരിജ്ഞാനമില്ലാതെ കഴിയുന്നതു നന്നല്ല;
തിടുക്കം കൂട്ടുന്നവനു ചുവടു പിഴയ്‍ക്കും.
3ഭോഷത്തംകൊണ്ടു ചിലർ വിനാശം വരുത്തുന്നു,
പിന്നീട് അവർ സർവേശ്വരനെതിരെ രോഷം കൊള്ളുന്നു.
4സമ്പത്ത് അനേകം സ്നേഹിതരെ ഉണ്ടാക്കുന്നു;
എന്നാൽ ദരിദ്രനെ സ്നേഹിതർപോലും കൈവെടിയുന്നു.
5കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല,
വ്യാജം പറയുന്നവൻ രക്ഷപെടുകയും ഇല്ല.
6ഉദാരമനസ്കന്റെ പ്രീതി സമ്പാദിക്കാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്.
7ദരിദ്രന്റെ സഹോദരന്മാർപോലും അവനെ വെറുക്കുന്നു.
അങ്ങനെയെങ്കിൽ സ്നേഹിതന്മാർ അവനോട് എത്രയധികം അകന്നു നില്‌ക്കും?
നല്ല വാക്കുമായി പുറകേ ചെന്നാലും ആരും അവനോടു കൂടുകയില്ല.
8ജ്ഞാനം സമ്പാദിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു;
വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും.
9കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല;
വ്യാജം പറയുന്നവൻ നശിക്കും.
10ആഢംബരജീവിതം ഭോഷൻ അർഹിക്കുന്നില്ല.
പ്രഭുക്കന്മാരെ ഭരിക്കാൻ അടിമയ്‍ക്ക് അത്രപോലും അർഹതയില്ല.
11വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും;
അപരാധം പൊറുക്കുന്നതു ശ്രേയസ്കരം.
12രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്;
എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം
പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.
13മൂഢനായ മകൻ പിതാവിനു നാശം വരുത്തുന്നു;
ഭാര്യയുടെ കലഹം നിലയ്‍ക്കാത്ത ചോർച്ചപോലെയാണ്;
14വീടും സമ്പത്തും പൈതൃകമായി ലഭിക്കുന്നു;
വിവേകമുള്ള ഭാര്യയോ സർവേശ്വരന്റെ ദാനം.
15അലസത ഗാഢനിദ്രയിൽ ആഴ്ത്തുന്നു;
മടിയൻ പട്ടിണി കിടക്കും.
16കല്പന പാലിക്കുന്നവൻ സ്വന്തജീവനെ കാക്കുന്നു;
അവയെ അവഗണിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
17എളിയവനോടു ദയ കാട്ടുന്നവൻ സർവേശ്വരനു കടം കൊടുക്കുന്നു.
അവന്റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും.
18നന്നാകുമെന്ന പ്രതീക്ഷയുള്ളിടത്തോളം മകനു ശിക്ഷണം നല്‌കുക.
അവന്റെ നാശത്തിനു നീ കാരണമാകരുത്.
19ഉഗ്രകോപി അതിനുള്ള പിഴ ഒടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അത് ആവർത്തിക്കേണ്ടിവരും.
20നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും
പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.
21മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്‍ക്കുന്നു;
എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.
22ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
23ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
അതുള്ളവൻ സംതൃപ്തനായിരിക്കും;
അനർഥം അവനെ സമീപിക്കുകയില്ല.
24മടിയൻ ഭക്ഷണപാത്രത്തിൽ കൈ താഴ്ത്തുന്നെങ്കിലും
വായിലേക്ക് അതു കൊണ്ടുപോകുന്നില്ല.
25പരിഹാസി അടി ഏല്‌ക്കുന്നതു കണ്ടാൽ ബുദ്ധിഹീനൻ വിവേകം പഠിക്കും;
ബുദ്ധിയുള്ളവനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26പിതാവിനോട് അതിക്രമം കാട്ടുകയും
അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്നു.
27മകനേ, ജ്ഞാനവചസ്സുകളെ വിട്ടുമാറണമെന്ന ഉപദേശം കേൾക്കാതിരിക്കുക.
28വിലകെട്ട സാക്ഷി നീതിയെ പുച്ഛിക്കുന്നു;
ദുഷ്ടൻ അധർമം വിഴുങ്ങുന്നു.
29പരിഹാസികൾക്കു ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് അടിയും ഒരുക്കിയിട്ടുണ്ട്.
Currently Selected:
THUFINGTE 19: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.