YouVersion Logo
Search Icon

THUFINGTE 20

20
1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അതുമൂലം വഴി പിഴയ്‍ക്കുന്നവൻ ഭോഷൻ.
2രാജാവിന്റെ ഉഗ്രരോഷം സിംഹഗർജനം പോലെയാണ്;
അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവൻ ജീവഹാനി വരുത്തുന്നു.
3കലഹത്തിൽനിന്ന് അകന്നിരിക്കുന്നതാണു മാനം;
എന്നാൽ ഭോഷന്മാർ ശണ്ഠകൂടിക്കൊണ്ടിരിക്കും.
4മടിയൻ വേണ്ടസമയത്ത് നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് അവൻ ഇരക്കും;
എങ്കിലും ഒന്നും കിട്ടുകയില്ല.
5മനുഷ്യന്റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ.
വിവേകമുള്ളവൻ അതു കോരിയെടുക്കും.
6പലരും തങ്ങൾ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്,
എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താൻ കഴിയും?
7സത്യസന്ധതയോടെ ജീവിക്കുന്നവൻ നീതിമാൻ;
അയാളുടെ പിൻതലമുറകളും അനുഗ്രഹിക്കപ്പെട്ടവർ.
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
സകല ദോഷങ്ങളും കണ്ണുകൊണ്ടു പാറ്റിക്കളയുന്നു.
9“എന്റെ ഹൃദയം ഞാൻ വെടിപ്പാക്കിയിരിക്കുന്നു;
പാപം വിട്ട് ഞാൻ നിർമ്മലനായിരിക്കുന്നു.”
എന്ന് ആർക്കു പറയാൻ കഴിയും?
10രണ്ടുതരം അളവും തൂക്കവും സർവേശ്വരൻ വെറുക്കുന്നു.
11നിഷ്കളങ്കനും നീതിയുക്തനും ആണോ താൻ എന്ന്
ഒരു ശിശുപോലും തന്റെ പ്രവർത്തനങ്ങളാൽ വെളിപ്പെടുത്തുന്നു.
12കേൾക്കാൻ ചെവിയും കാണാൻ കണ്ണും;
ഇവ സൃഷ്‍ടിച്ചതു സർവേശ്വരനാണ്.
13ദരിദ്രനാകാതിരിക്കാൻ ഉറക്കപ്രിയനാകരുത്, നീ ജാഗരൂകനായിരിക്കുക;
നിനക്കു വേണ്ടുവോളം ആഹാരം ലഭിക്കും.
14“ഇതു മോശം ഇതു മോശം” എന്നു വാങ്ങുമ്പോൾ പറയും;
വാങ്ങിക്കൊണ്ടു പോകുമ്പോൾ അവൻ സ്വയം പ്രശംസിക്കും.
15സ്വർണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്;
എന്നാൽ ജ്ഞാനവചസ്സ് അമൂല്യമായ രത്നം.
16അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം കൈവശപ്പെടുത്തുക.
പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക.
17വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം,
പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരൽപോലെയാകുന്നു.
18നല്ല ആലോചനയോടെ പദ്ധതികൾ തയ്യാറാക്കുന്നു;
ബുദ്ധിപൂർവമായ മാർഗദർശനത്തോടെ യുദ്ധം ചെയ്യുക.
19ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു.
വിടുവായനോടു കൂട്ടുകൂടരുത്.
20മാതാപിതാക്കന്മാരെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21തിടുക്കത്തിൽ കൈക്കലാക്കുന്ന സ്വത്ത്
അവസാനം അനുഗ്രഹമായിരിക്കുകയില്ല.
22“തിന്മയ്‍ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്.
സർവേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും.
23രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു,
കള്ളത്തുലാസു നല്ലതല്ല.
24മനുഷ്യന്റെ ചുവടുകൾ സർവേശ്വരൻ നിയന്ത്രിക്കുന്നു;
തന്റെ വഴി ഗ്രഹിക്കാൻ മനുഷ്യന് എങ്ങനെ കഴിയും?
25“ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തിൽ നേരുന്നതും
നേർന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്.
26ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു;
അവരുടെമേൽ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു.
27മനുഷ്യചേതനയാണു സർവേശ്വരൻ കൊളുത്തിയ വിളക്ക്;
അത് അവന്റെ മനസ്സിന്റെ ഉള്ളറകൾ പരിശോധിക്കുന്നു.
28കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു,
നീതിയാൽ അദ്ദേഹത്തിന്റെ സിംഹാസനം നിലനില്‌ക്കുന്നു.
29ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം;
നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം.
30മുറിപ്പെടുത്തുന്ന അടികൾ തിന്മ നീക്കിക്കളയുന്നു,
അതു മനസ്സിന്റെ ഉള്ളറകൾ വെടിപ്പാക്കുന്നു.

Currently Selected:

THUFINGTE 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in