YouVersion Logo
Search Icon

MARKA 10

10
വിവാഹമോചന പ്രശ്നം
(മത്താ. 19:1-12; ലൂക്കോ. 16:18)
1യേശു അവിടംവിട്ട് യോർദ്ദാന്റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങൾ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കൽ വന്നുചേർന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാൻ തുടങ്ങി.
2അപ്പോൾ പരീശന്മാർ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”
3യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു.
4“പുരുഷൻ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചിട്ടുണ്ട്” എന്നവർ പറഞ്ഞു.
5യേശു അവരോട് അരുൾചെയ്തു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. 6സൃഷ്‍ടിയുടെ ആരംഭത്തിൽത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. 7അതിനാൽ ഒരുവൻ തന്റെ മാതാപിതാക്കളെ വിട്ട് #10:7 ചില കൈയെഴുത്തു പ്രതികളിൽ ‘ഭാര്യയോടു ചേരും’ എന്നില്ല.ഭാര്യയോടു ചേരും; 8അവർ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. 9ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്.
10വീട്ടിൽവച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാർ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: 11“സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. 12ഒരു സ്‍ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താൽ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.”
ശിശുക്കളെ അനുഗ്രഹിക്കുന്നു
(മത്താ. 19:13-15; ലൂക്കോ. 18:15-17)
13ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ അവരെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാർ അവരെ ശകാരിച്ചു. 14അതു കണ്ടപ്പോൾ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്റെ അടുക്കൽ വരുവാൻ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാൽ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. 15ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” 16പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു.
ധനികനായ യുവാവ്
(മത്താ. 19:16-30; ലൂക്കോ. 18:18-30)
17അവിടെനിന്ന് യേശു യാത്ര തുടർന്നപ്പോൾ ഒരാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
18യേശു അയാളോട്, “എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്, 19വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധർമശാസനങ്ങൾ താങ്കൾക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.
20“ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാൻ പാലിക്കുന്നുണ്ട്” എന്ന് അയാൾ പറഞ്ഞു.
21യേശു സ്നേഹപൂർവം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കൾക്കു ഒരു കുറവുണ്ട്; പോയി താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ താങ്കൾക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” 22ഇതുകേട്ട് ദുഃഖിതനായിത്തീർന്ന അയാൾ, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാൽ അയാൾ വലിയ ധനികനായിരുന്നു.
23യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു.
24അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. 25യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”
26അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?”
27യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി.
28പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു.
29യേശു അരുൾചെയ്തു: “വാസ്തവം ഞാൻ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും 30ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും. 31എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ പലരും മുമ്പന്മാരുമായിത്തീരും.
മരണത്തെപ്പറ്റി മൂന്നാം പ്രാവശ്യം
(മത്താ. 20:17-19; ലൂക്കോ. 18:31-34)
32അവർ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാർ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവർ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികിൽ വിളിച്ച് തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി: 33“ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രൻ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും. 34അവർ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്റെമേൽ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.”
യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ
(മത്താ. 20:20-28)
35സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു.
36“ഞാൻ എന്താണു നിങ്ങൾക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു.
37അവർ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തിൽ അവിടുന്നു വാണരുളുമ്പോൾ ഞങ്ങളിലൊരുവൻ അങ്ങയുടെ വലത്തും അപരൻ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.”
38യേശു അവരോട്, “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു കുടിക്കുവാനും ഞാൻ ഏല്‌ക്കുന്ന സ്നാപനം ഏല്‌ക്കുവാനും നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു.
39“ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു.
യേശു അവരോട് അരുൾചെയ്തു: “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാപനം നിങ്ങൾ സ്വീകരിക്കുകയും ചെയ്യും. 40എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‌കുന്നത് എന്റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതായിരിക്കും.”
41ഇതു കേട്ടപ്പോൾ മറ്റു പത്തു ശിഷ്യന്മാർക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി. 42യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നു എന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ. 43എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല. നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആകണം. 44നിങ്ങളിൽ പ്രമുഖൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. 45മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുവാനുമാണ്.”
അന്ധനു കാഴ്ച നല്‌കുന്നു
(മത്താ. 20:29-34; ലൂക്കോ. 18:35-43)
46അവർ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. 47നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോൾ, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാൾ ഉച്ചത്തിൽ വിളിച്ചുപറയുവാൻ തുടങ്ങി.
48“മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതൽ ഉച്ചത്തിൽ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു.
49യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു.
അവർ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്‌ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.
50അയാൾ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു ചെന്നു.
51യേശു അയാളോട്: “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
“ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധൻ പറഞ്ഞു.
52യേശു അരുൾചെയ്തു: “പോകുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”
തൽക്ഷണം അയാൾ കാഴ്ചപ്രാപിച്ച് യാത്രയിൽ യേശുവിനെ അനുഗമിച്ചു.

Currently Selected:

MARKA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in