MARKA 11
11
യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
(മത്താ. 21:1-11; ലൂക്കോ. 19:28-40; യോഹ. 12:12-19)
1അവർ യെരൂശലേമിനു സമീപം ഒലിവുമലയ്‍ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു പറഞ്ഞു: 2നിങ്ങളുടെ മുമ്പിൽ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക; 3നിങ്ങൾ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു.
4അവർ അതനുസരിച്ചു പോയി തെരുവിൽ ഒരു വീട്ടുവാതില്‌ക്കൽ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിച്ചു. 5അവിടെ നിന്നിരുന്നവരിൽ ചിലർ അവരോട്, “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു.
6യേശു പറഞ്ഞിരുന്നതുപോലെ അവർ മറുപടി പറഞ്ഞു. 7അവിടെ നിന്നവർ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു. 8പലരും തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. മറ്റുള്ളവർ പറമ്പുകളിൽനിന്ന് ഇലയുള്ള മരച്ചില്ലകൾ വെട്ടി വഴിയിൽ വിതറി. 9അവിടുത്തെ മുമ്പും പിമ്പും നടന്നവർ “ഹോശാനാ! കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! 10നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളിൽ ഹോശാനാ!” എന്ന് ഉച്ചത്തിൽ ആർപ്പുവിളിച്ചു.
11അങ്ങനെ യേശു യെരൂശലേമിൽ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ നേരം വൈകിയിരുന്നതിനാൽ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി.
ഫലശൂന്യമായ അത്തിവൃക്ഷം
(മത്താ. 21:18-19)
12പിറ്റേദിവസം അവർ ബേഥാന്യയിൽനിന്നു തിരിച്ചുവരികയായിരുന്നു. അപ്പോൾ യേശുവിനു വിശന്നു. 13അങ്ങകലെ ഇലകൾ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതിൽ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: 14“ഇനിമേൽ ആരും ഒരിക്കലും നിന്നിൽനിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.”
ഇതു ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചു.
ദേവാലയം ശുദ്ധീകരിക്കുന്നു
(മത്താ. 21:12-17; ലൂക്കോ. 19:45-48; യോഹ. 2:13-22)
15അവർ യെരൂശലേമിലെത്തി. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. 16ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാൻ അവിടുന്ന് അനുവദിച്ചില്ല. 17ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.”
18പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധർമോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു.
19സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി.
അത്തിമരത്തിൽ നിന്നുള്ള പാഠം
(മത്താ. 21:20-22)
20പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. 21അപ്പോൾ യേശു പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു.
22യേശു പ്രതിവചിച്ചു: “നിങ്ങൾ ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. 23ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തിൽ സംശയലേശം കൂടാതെ താൻ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവൻ ഈ മലയോട് ഇളകി കടലിൽ വീഴുക എന്നു പറഞ്ഞാൽ അപ്രകാരം സംഭവിക്കും. 24അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാൽ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. 25നിങ്ങൾ പ്രാർഥിക്കുവാൻ നില്‌ക്കുമ്പോൾ സ്വർഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകൾ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുക. 26#11:26 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.നിങ്ങൾ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പിഴകൾ ക്ഷമിക്കുകയില്ല.
യേശുവിന്റെ അധികാരത്തെപ്പറ്റി ചോദ്യം ചെയ്യുന്നു
(മത്താ. 21:23-27; ലൂക്കോ. 20:1-8)
27അവർ വീണ്ടും യെരൂശലേമിൽ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു: 28“എന്ത് അധികാരംകൊണ്ടാണ് താങ്കൾ ഇവയെല്ലാം ചെയ്യുന്നത്? അഥവാ ഇവയൊക്കെ ചെയ്യുവാനുള്ള അധികാരം ആരാണു താങ്കൾക്കു നല്‌കിയത്?”
29യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‌കുക. എന്നാൽ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാൻ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. 30സ്നാപനം നടത്തുന്നതിനുള്ള അധികാരം യോഹന്നാന് എവിടെനിന്നു ലഭിച്ചു? ദൈവത്തിൽനിന്നോ, മനുഷ്യരിൽനിന്നോ? പറയുക.”
31അവർ അന്യോന്യം ആലോചിച്ചു. “ദൈവത്തിൽനിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല എന്ന് അവിടുന്നു ചോദിക്കും; 32മനുഷ്യരിൽനിന്ന് എന്ന് പറഞ്ഞാലോ?” പക്ഷേ അവർ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ യോഹന്നാനെ ഒരു പ്രവാചകനായിട്ടത്രേ എല്ലാവരും കരുതിയിരുന്നത്. 33അതുകൊണ്ട് “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു.
“എന്നാൽ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു അവരോടുത്തരം പറഞ്ഞു.
Currently Selected:
MARKA 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.