MATHAIA 19
19
വിവാഹമോചനത്തെപ്പറ്റി
(മർക്കോ. 10:1-12)
1ഈ കാര്യങ്ങളെല്ലാം അരുൾചെയ്തശേഷം യേശു ഗലീല വിട്ട്, യെഹൂദ്യയിൽ യോർദ്ദാന്റെ മറുകരെയുള്ള പ്രദേശത്ത് എത്തി. 2ഒരു വലിയ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. അവിടുന്ന് അവരുടെ രോഗങ്ങൾ സുഖപ്പെടുത്തി.
3പരീശന്മാർ വന്ന് അവിടുത്തെ പരീക്ഷിക്കുവാൻവേണ്ടി ചോദിച്ചു: “കാരണം എന്തുതന്നെ ആയാലും ഒരുവൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”
4യേശു മറുപടി പറഞ്ഞു: “ആദിയിൽ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു, 5‘അതുകൊണ്ട് ഒരു മനുഷ്യൻ മാതാവിനെയും പിതാവിനെയും വിട്ട് തന്റെ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്നു വേദഗ്രന്ഥത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ? 6അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ ഒരിക്കലും വേർപിരിച്ചുകൂടാ.”
7“അങ്ങനെയാണെങ്കിൽ ഒരു മനുഷ്യൻ തന്റെ ഭാര്യക്ക് മോചനപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശ കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്നു പരീശന്മാർ അദ്ദേഹത്തോടു ചോദിച്ചു.
8അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചത്. എന്നാൽ സൃഷ്‍ടിയുടെ ആരംഭംമുതൽ അങ്ങനെ അല്ലായിരുന്നു. 9ഞാൻ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. #19:9 ‘ഉപേക്ഷിക്കപ്പെട്ടവളെ . . . . ചെയ്യുന്നു’ ഈ വാചകം ചില കൈയെഴുത്തു പ്രതികളിൽ മാത്രമേ കാണുന്നുള്ളൂ. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
10അപ്പോൾ ശിഷ്യന്മാർ പറഞ്ഞു: “ഭാര്യാഭർത്തൃബന്ധം ഇങ്ങനെയാണെങ്കിൽ വിവാഹം കഴിക്കാതിരിക്കുകയാണു ഭേദം.”
11എന്നാൽ യേശു അവരോട് അരുൾചെയ്തു: ഈ ഉപദേശം, വരം ലഭിച്ചവർക്കല്ലാതെ ആർക്കും ഗ്രഹിക്കുവാൻ കഴിയുകയില്ല. 12മനുഷ്യർക്ക്, വിവാഹം കഴിക്കാതിരിക്കുവാൻ പല കാരണങ്ങളുമുണ്ട്. ചിലർ ജന്മനാ ഷണ്ഡന്മാരാകുന്നു; മറ്റു ചിലർ ഷണ്ഡന്മാരാക്കപ്പെടുന്നു; സ്വർഗരാജ്യത്തിനുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കുന്നവരുമുണ്ട്. ഇതു ഗ്രഹിക്കുവാൻ കഴിയുന്നവർ ഗ്രഹിക്കട്ടെ.”
ശിശുക്കളെ അനുഗ്രഹിക്കുന്നു
(മർക്കോ. 10:13-16; ലൂക്കോ. 18:15-17)
13തങ്ങളുടെ ശിശുക്കളുടെമേൽ കൈവച്ചു പ്രാർഥിക്കേണ്ടതിന് അവരെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശാസിച്ചു. 14അപ്പോൾ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വർഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.”
15അതിനുശേഷം അവിടുന്ന് അവരുടെമേൽ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി.
ധനികനായ യുവാവ്
(മർക്കോ. 10:17-31; ലൂക്കോ. 18:18-30)
16ഒരിക്കൽ ഒരാൾ യേശുവിന്റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവൻ പ്രാപിക്കേണ്ടതിന് എന്തു സൽക്കർമം ഞാൻ ചെയ്യണം?” എന്നു ചോദിച്ചു.
17യേശു അയാളോടു പറഞ്ഞു: “സൽക്കർമത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാൾ മാത്രമേയുള്ളൂ. നിനക്കു ജീവനിൽ പ്രവേശിക്കണമെങ്കിൽ കല്പനകൾ അനുസരിക്കുക.”
18“ഏതു കല്പനകൾ?” എന്ന് അയാൾ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, 19മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു.
20“ഇവയെല്ലാം ഞാൻ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു.
21യേശു അയാളോട്, “നീ സദ്ഗുണപൂർണനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക; അപ്പോൾ നിനക്കു സ്വർഗത്തിൽ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
22ഇതു കേട്ടപ്പോൾ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാൽ അയാൾ ഒരു വലിയ ധനികനായിരുന്നു.
23അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; 24ധനികൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു.”
25ഇതു കേട്ടപ്പോൾ ശിഷ്യന്മാർ വിസ്മയഭരിതരായി. “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” എന്ന് അവർ ചോദിച്ചു.
26യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിനു സകലവും സാധ്യമാണ്.” 27അപ്പോൾ പത്രോസ് പറഞ്ഞു: “ഇതാ, ഞങ്ങൾ സമസ്തവും പരിത്യജിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്താണ് ലഭിക്കുക?”
28യേശു അവരോട് ഇപ്രകാരം അരുൾചെയ്തു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നവയുഗത്തിൽ മനുഷ്യപുത്രൻ മഹത്ത്വമേറിയ സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചവരായ നിങ്ങൾ പന്ത്രണ്ടുപേരും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കും. 29എന്നെപ്രതി വീടിനെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, നിലം പുരയിടങ്ങളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറു മടങ്ങു ലഭിക്കും. അവർ അനശ്വരജീവന് അവകാശികളായിത്തീരുകയും ചെയ്യും. 30എന്നാൽ ഒന്നാമതിരിക്കുന്ന പലരും ഒടുവിലാകുകയും ഒടുവിലിരിക്കുന്നവർ ഒന്നാമതാകുകയും ചെയ്യും.
Currently Selected:
MATHAIA 19: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.