YouVersion Logo
Search Icon

MATHAIA 20

20
മുന്തിരിത്തോട്ടത്തിലെ കൂലിപ്പണിക്കാർ
1തന്റെ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വർഗരാജ്യം. 2ഒരാൾക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാർ കൂലി സമ്മതിച്ച് തന്റെ തോട്ടത്തിലേക്ക് അയാൾ അവരെ പറഞ്ഞയച്ചു. 3ഒൻപതു മണിക്ക് അയാൾ പുറത്തേക്കു പോയപ്പോൾ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു. 4‘നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക; ന്യായമായ കൂലി ഞാൻ തരാം’ എന്ന് അയാൾ പറഞ്ഞു. 5അങ്ങനെ അവർ പോയി. തോട്ടത്തിന്റെ ഉടമസ്ഥൻ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു. 6അഞ്ചു മണിയോടുകൂടി അയാൾ ചന്തസ്ഥലത്തു ചെന്നപ്പോൾ വേറെ ചിലർ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങൾ എന്തുകൊണ്ടാണ് ഇന്നു മുഴുവൻ മിനക്കെട്ടത്?’ എന്നു ചോദിച്ചു. 7‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക’ എന്നു തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു.
8“സന്ധ്യ ആയപ്പോൾ ഉടമസ്ഥൻ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവർതൊട്ട് ആദ്യം വന്നവർവരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു. 9അഞ്ചു മണിക്കു പണിയാൻ വന്ന ഓരോരുത്തർക്കും ഓരോ ദിനാർ കൂലികൊടുത്തു. 10ആദ്യം പണിക്കു വന്നവർ കൂലി വാങ്ങാൻ ചെന്നപ്പോൾ തങ്ങൾക്കു കൂടുതൽ കിട്ടുമെന്ന് ഓർത്തു. എന്നാൽ അവർക്കും ഓരോ ദിനാർമാത്രമാണു കൊടുത്തത്. 11അവർ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്റെ ഉടമസ്ഥനോടു പിറുപിറുത്തു. 12‘ഒടുവിൽവന്നവർ ഒരു മണിക്കൂർ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകൽ മുഴുവൻ പൊരിയുന്ന വെയിൽകൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങൾക്കു തന്ന കൂലി തന്നെ അവർക്കും നല്‌കി’ എന്ന് അവർ പറഞ്ഞു.
13“അവരിൽ ഒരാളോട് ഉടമസ്ഥൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാർ അല്ലേ നിങ്ങൾ സമ്മതിച്ച കൂലി? 14നിന്റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്റെ ഇഷ്ടം. 15എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാൻ ദയാലുവായിരിക്കുന്നതിൽ നീ അമർഷം കൊള്ളുന്നത് എന്തിന്!”
16ഇങ്ങനെ ഒടുവിലായിരുന്നവർ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവർ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേർത്തു.
മരണത്തെക്കുറിച്ചു മൂന്നാം പ്രാവശ്യം സംസാരിക്കുന്നു
(മർക്കോ. 10:32-34; ലൂക്കോ. 18:31-34)
17യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: 18“നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. 19അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.”
സെബദിയുടെ പുത്രന്മാർക്കു വേണ്ടിയുള്ള അപേക്ഷ
(മർക്കോ. 10:35-45)
20സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു.
21“നിങ്ങൾക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു.
അവർ പറഞ്ഞു: “അങ്ങു രാജാവാകുമ്പോൾ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ അവിടുത്തെ വലത്തും അപരൻ ഇടത്തും ഇരിക്കുവാൻ കല്പിച്ചരുളണമേ.”
22യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ; ഞാൻ കുടിക്കുവാൻ പോകുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കുവാൻ കഴിയുമോ?”
“ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു.
23“ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവർ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു.
24ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി. 25യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നുവെന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ; 26എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല; നിങ്ങളിൽ ആരെങ്കിലും വലിയവനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ മറ്റുള്ളവരുടെ സേവകനാകണം; 27നിങ്ങളിൽ ഒന്നാമനാകുവാൻ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം. 28മനുഷ്യപുത്രൻ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുന്നതിനുമാണ്.”
രണ്ട് അന്ധന്മാർക്ക് കാഴ്ച നല്‌കുന്നു
(മർക്കോ. 10:46-52; ലൂക്കോ. 18:35-43)
29അവർ യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. 30കണ്ണുകാണുവാൻ പാടില്ലാത്ത രണ്ടുപേർ വഴിയരികിൽ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.
31മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തിൽ: “കർത്താവേ, ദാവീദിന്റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.
32യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങൾക്കു ഞാൻ എന്തുചെയ്തു തരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
33“കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവർ മറുപടി പറഞ്ഞു.
34യേശു ആർദ്രചിത്തനായി അവരുടെ കണ്ണുകളിൽ തൊട്ടു. തൽക്ഷണം അവർ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.

Currently Selected:

MATHAIA 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in