EZRA 8
8
എസ്രായോടൊപ്പം തിരിച്ചുവന്നവർ
1അർത്ഥക്സേർക്സസ് രാജാവിന്റെ ഭരണകാലത്ത് ബാബിലോണിൽനിന്ന് എന്റെ കൂടെ പോന്ന പിതൃഭവനത്തലവന്മാരുടെ പേരുകൾ വംശക്രമത്തിൽ: 2ഫീനെഹാസിന്റെ വംശജരിൽ ഗേർശോം; ഈഥാമാരിന്റെ വംശജരിൽ ദാനീയേൽ; 3ദാവീദിന്റെ വംശജരിൽ ശെഖന്യായുടെ പുത്രൻ ഹത്തൂശ്; പറോശിന്റെ വംശജരിൽ സെഖര്യായും അയാളുടെ കൂടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിട്ടുള്ള നൂറ്റമ്പതു പുരുഷന്മാരും. 4പഹത്ത്-മോവാബിന്റെ വംശത്തിൽ സെരഹ്യായുടെ പുത്രൻ എല്യെഹോവേനായിയും കൂടെ ഇരുനൂറു പേരും. 5ശെഖന്യായുടെ വംശത്തിൽ യെഹസീയേലിന്റെ പുത്രനും കൂടെ മുന്നൂറു പേരും. 6ആദീന്റെ വംശത്തിൽ യോനാഥാന്റെ പുത്രൻ ഏബെദും കൂടെ അമ്പതു പുരുഷന്മാരും. 7ഏലാമിന്റെ വംശത്തിൽ അഥല്യായുടെ പുത്രൻ യെശയ്യായും കൂടെ എഴുപതു പേരും. 8ശെഫത്യായുടെ വംശത്തിൽ മീഖായേലിന്റെ പുത്രൻ സെബദ്യായും കൂടെ എൺപതു പുരുഷന്മാരും. 9യോവാബിന്റെ വംശത്തിൽ യെഹീയേലിന്റെ പുത്രൻ ഓബദ്യായും കൂടെ ഇരുനൂറ്റിപതിനെട്ടുപേരും. 10ശെലോമീത്തിന്റെ വംശത്തിൽ യോസിഫ്യായുടെ പുത്രനും കൂടെ നൂറ്ററുപതു പുരുഷന്മാരും. 11ബേബായിയുടെ വംശത്തിൽപ്പെട്ട ബേബായിയുടെ പുത്രൻ സെഖര്യായും കൂടെ ഇരുപത്തെട്ടു പേരും. 12അസ്ഗാദിന്റെ വംശത്തിൽ ഹക്കാതാന്റെ പുത്രൻ യോഹാനാനും കൂടെ നൂറ്റിപ്പത്തു പുരുഷന്മാരും. 13അദോനീക്കാമിന്റെ ഇളയ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാ എന്നിവരും കൂടെ അറുപതു പുരുഷന്മാരും. 14ബിഗ്വായുടെ വംശത്തിൽ ഊഥായിയും സബൂദും കൂടെ എഴുപതു പേരും.
എസ്രാ ലേവ്യരെ കണ്ടെത്തുന്നു
15അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാൻ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങൾ പാളയമടിച്ചു മൂന്നു ദിവസം പാർത്തു. ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാൽ ലേവിയുടെ വംശജരിൽ ആരെയും അവിടെ കണ്ടില്ല. 16അതുകൊണ്ട് എലീയേസെർ, അരീയേൽ, ശെമയ്യാ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എൽനാഥാൻ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാൻ വിളിപ്പിച്ചു. 17അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്. 18ദൈവകൃപ ഞങ്ങൾക്കുണ്ടായിരുന്നതിനാൽ ഇസ്രായേലിന്റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തിൽപ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമായ പതിനെട്ടു പേരെയും അവർ കൊണ്ടുവന്നു. 19കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തിൽപ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു. 20അതിനു പുറമേ ദാവീദും അദ്ദേഹത്തിന്റെ സേവകന്മാരും ലേവ്യരെ സഹായിക്കാൻ വേർതിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരിൽ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി.
ഉപവാസവും പ്രാർഥനയും
21ദൈവസന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാൻ ഒരു ഉപവാസം പ്രഖ്യാപിച്ചു. 22ഞങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരുടെമേൽ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഉപേക്ഷിക്കുന്നവർക്കെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കുമെന്നും ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നു. അതിനാൽ യാത്രയിൽ ഞങ്ങളെ ശത്രുക്കളിൽനിന്നു രക്ഷിക്കുന്നതിനു പടയാളികളെയും കുതിരപ്പട്ടാളത്തെയും രാജാവിനോട് ആവശ്യപ്പെടാൻ എനിക്കു ലജ്ജതോന്നി. 23ഞങ്ങൾ ഉപവസിച്ചു ദൈവത്തോടു പ്രാർഥിച്ചു. അവിടുന്നു ഞങ്ങളുടെ പ്രാർഥന കേട്ടു.
ദേവാലയത്തിനുവേണ്ടി സംഭാവന
24പ്രമുഖരായ പുരോഹിതന്മാരിൽനിന്ന് ശേരബ്യായും ഹശബ്യായും അവരുടെ ചാർച്ചക്കാരായ പത്തു പേരും ഉൾപ്പെടെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. 25രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേല്യരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനു വഴിപാടായി അർപ്പിച്ചിരുന്ന വെള്ളിയും സ്വർണവും പാത്രങ്ങളും തൂക്കി ഞാൻ അവരെ ഏല്പിച്ചു. 26അറുനൂറ്റമ്പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അമ്പതു വെള്ളിപ്പാത്രങ്ങൾ, നൂറു താലന്തു സ്വർണം, 27ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണംപോലെ വിലപിടിച്ചതും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങൾ എന്നിവയാണു ഞാൻ തൂക്കി ഏല്പിച്ചത്.
28ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ടവരാണ്. ഈ പാത്രങ്ങളും വേർതിരിക്കപ്പെട്ടവയാണ്. വെള്ളിയും സ്വർണവും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനു സ്വമേധാദാനമായി അർപ്പിക്കപ്പെട്ടവയും ആണ്. 29മുഖ്യ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരുടെയും മുമ്പാകെ യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിലെ അറകളിൽവച്ച് തൂക്കി ഏല്പിക്കുന്നതുവരെ ഇവ ഭദ്രമായി സൂക്ഷിക്കണം. 30അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും സ്വർണവും അവകൊണ്ടുള്ള പാത്രങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകുന്നതിന് ഏറ്റുവാങ്ങി.
യെരൂശലേമിലേക്കുള്ള മടക്കയാത്ര
31ഒന്നാം മാസം പന്ത്രണ്ടാം ദിവസം അഹവാ നദിക്കരയിൽനിന്നു ഞങ്ങൾ യെരൂശലേമിലേക്കു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൃപ ഞങ്ങൾക്കുണ്ടായിരുന്നു. ശത്രുക്കളിൽനിന്നും വഴിയിൽ പതിയിരിക്കുന്നവരിൽനിന്നും അവിടുന്നു ഞങ്ങളെ കാത്തുരക്ഷിച്ചു. 32അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി; അവിടെ മൂന്നു ദിവസം പാർത്തു. 33നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും സ്വർണവും പാത്രങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരിയാപുരോഹിതന്റെ പുത്രൻ മെരേമോത്തിന്റെ കൈയിൽ തൂക്കി ഏല്പിച്ചു; അയാളോടൊപ്പം ഫീനെഹാസിന്റെ പുത്രൻ എലെയാസാരും യേശുവയുടെ പുത്രൻ യോസാബാദ്, ബിന്നൂവിന്റെ പുത്രൻ നോവദ്യാ എന്നീ ലേവ്യരും ഉണ്ടായിരുന്നു. 34എല്ലാറ്റിന്റെയും എണ്ണവും തൂക്കവും തിട്ടപ്പെടുത്തി എഴുതിവച്ചു. 35മടങ്ങിവന്ന പ്രവാസികൾ ഇസ്രായേൽജനങ്ങൾക്കുവേണ്ടി ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗമായി പന്ത്രണ്ടു കാള, തൊണ്ണൂറ്റാറു മുട്ടാട്, എഴുപത്തേഴ് കുഞ്ഞാട് എന്നിവയെയും പാപയാഗമായി പന്ത്രണ്ട് ആൺകോലാടുകളെയും അർപ്പിച്ചു. 36അവർ രാജാവിന്റെ കല്പനകൾ നദിക്ക് ഇക്കരെയുള്ള സ്ഥാനപതിമാരെയും ഗവർണർമാരെയും ഏല്പിച്ചു; അവർ ജനങ്ങൾക്കും ദേവാലയത്തിനും വേണ്ട സഹായം നല്കി.
Currently Selected:
EZRA 8: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.