YouVersion Logo
Search Icon

EZEKIELA 1

1
ദൈവസിംഹാസനം
1മുപ്പതാം വർഷം നാലാം മാസം അഞ്ചാം ദിവസം ഞാൻ കെബാർ നദീതീരത്ത് യെഹൂദാപ്രവാസികളോടൊത്തു കഴിയുമ്പോൾ സ്വർഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദർശനം ഉണ്ടായി. 2യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം വർഷം നാലാം മാസം അഞ്ചാം ദിവസമാണ് ഈ ദർശനം ഉണ്ടായത്. 3ബാബിലോൺദേശത്തെ കെബാർ നദീതീരത്തു വച്ചു ബുസിയുടെ പുത്രനായ യെഹെസ്കേൽ പുരോഹിതനായ എനിക്ക് അവിടുത്തെ അരുളപ്പാടുണ്ടായി. അവിടെവച്ചു സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു.
4ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. വലിയ ഒരു മേഘവും അതിനു ചുറ്റും പ്രഭപരത്തിക്കൊണ്ട് ഇടമുറിയാതെ ജ്വലിക്കുന്ന അഗ്നിയും അതിന്റെ മധ്യത്തിൽ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും ഞാൻ കണ്ടു. 5അതിന്റെ മധ്യത്തിൽ മനുഷ്യാകൃതിയിലുള്ള നാലു ജീവികൾ പ്രത്യക്ഷപ്പെട്ടു. 6എന്നാൽ അവയ്‍ക്കോരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു. 7നിവർന്ന കാലുകളും കാളക്കുട്ടിയുടേതു പോലെയുള്ള കുളമ്പുകളും അവയ്‍ക്കുണ്ടായിരുന്നു. തേച്ചു മിനുക്കിയ വെള്ളോടുപോലെ ആ കുളമ്പുകൾ തിളങ്ങി. 8നാലു മുഖങ്ങൾക്കും നാലു ചിറകുകൾക്കും പുറമേ ഓരോ ചിറകിന്റെയും കീഴിൽ മനുഷ്യൻറേതുപോലെ ഓരോ കരവും ഉണ്ടായിരുന്നു. 9അവയുടെ ചിറകുകൾ അന്യോന്യം സ്പർശിച്ചിരുന്നു. ഇടംവലം തിരിയാതെ ഓരോ ജീവിയും നേരെ മുമ്പോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു. 10നാലു ജീവികൾക്കും മുൻഭാഗത്തു മനുഷ്യന്റെ മുഖവും വലത്തുഭാഗത്തു സിംഹത്തിന്റെ മുഖവും ഇടത്തുഭാഗത്തു കാളയുടെ മുഖവും പിൻഭാഗത്തു കഴുകന്റെ മുഖവുമാണ് ഉണ്ടായിരുന്നത്. 11ഓരോ ജീവിയും അടുത്തുനില്‌ക്കുന്ന ജീവിയുടെ ചിറകിൽ സ്പർശിക്കത്തക്കവിധം ഈരണ്ടു ചിറകുകൾ വിടർത്തിയിരുന്നു. മറ്റു രണ്ടു ചിറകുകൾകൊണ്ട് അവയുടെ ശരീരം മറയ്‍ക്കുകയും ചെയ്തിരുന്നു. 12ആത്മാവ് ഇച്ഛിച്ച ദിക്കിലേക്ക് ഈ ജീവികൾ പൊയ്‍ക്കൊണ്ടിരുന്നു. അവ ഇടംവലം തിരിഞ്ഞില്ല. അവയുടെ മധ്യത്തിൽ തീക്കനൽപോലെ എന്തോ ഒന്നു കാണപ്പെട്ടു. 13അത് ഈ ജീവികൾക്കിടയിൽ തീപ്പന്തം പോലെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു. അതു വളരെ ശോഭയുള്ളതായിരുന്നു. 14അതിൽനിന്നു മിന്നൽപ്പിണർ പുറപ്പെട്ടുകൊണ്ടിരുന്നു. ആ ജീവികൾ ഇടിമിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
15ഞാൻ നോക്കിയപ്പോൾ അതാ ഓരോ ജീവിയുടെയും സമീപത്തു ഭൂമിയിൽ ഓരോ ചക്രം. 16അവയുടെ രൂപമാതൃകയും പണിയും ഇപ്രകാരമായിരുന്നു. ഒരേ മാതൃകയിലാണ് അവ നിർമിച്ചിരുന്നത്. ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം എന്നവിധം ആയിരുന്നു അവയുടെ ഘടന. 17സഞ്ചരിക്കുമ്പോൾ ഒരു വശത്തേക്കും തിരിയാതെതന്നെ നാലു ദിക്കിലേക്കും അവയ്‍ക്കു പോകാൻ കഴിയുമായിരുന്നു. 18നാലു ചക്രങ്ങൾക്കു ചുറ്റും നിറയെ കണ്ണുകളുള്ള പട്ടകൾ ഉണ്ടായിരുന്നു. ജീവികൾ സഞ്ചരിക്കുന്നതിനൊപ്പം ചക്രങ്ങളും മുന്നോട്ടു നീങ്ങിയിരുന്നു. 19ജീവികൾ നിലത്തു നിന്നുയരുമ്പോൾ ചക്രങ്ങളും ഉയരും. 20എവിടെ പോകണമെന്നു ജീവികളുടെ ആത്മാവ് ഇച്ഛിക്കുമോ, അവിടെയെല്ലാം അവ പോകും. അവ പോകുന്നിടത്തെല്ലാം ചക്രങ്ങളും പോകും. 21ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലായിരുന്നു വസിച്ചിരുന്നത്. ജീവികൾ നില്‌ക്കുമ്പോൾ ചക്രങ്ങളും നില്‌ക്കും. അവ ഉയരുമ്പോൾ ചക്രങ്ങളും ഉയരും. എന്തെന്നാൽ അവയുടെ ആത്മാവ് ആ ചക്രങ്ങളിലാണ് കുടികൊണ്ടിരുന്നത്.
22ആ ജീവികളുടെ തലയ്‍ക്കുമീതെ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനം ഉണ്ടായിരുന്നു. 23അതിന്റെ കീഴിൽ ഓരോ ജീവിയുടെയും ചിറകുകൾ ഒന്നിന്റെ ചിറക് മറ്റൊന്നിന്റെ ചിറകിനെ സ്പർശിക്കത്തക്കവിധം നിവർത്തിപ്പിടിച്ചിരുന്നു. ഓരോ ജീവിയുടെയും ശരീരം മറയ്‍ക്കുന്ന ഈരണ്ടു ചിറകുകളും അവയ്‍ക്കുണ്ടായിരുന്നു. 24അവ പറന്നപ്പോൾ അവയുടെ ചിറകടി ഞാൻ കേട്ടു. അതു സമുദ്രത്തിന്റെ ഇരമ്പൽപോലെയും സർവശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവം പോലെയും ആയിരുന്നു. ജീവികൾ നിശ്ചലമായി നിന്നപ്പോൾ ചിറകുകൾ താഴ്ത്തിയിരുന്നു. 25അപ്പോൾ അവയുടെ തലയ്‍ക്കുമീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു ശബ്ദമുണ്ടായി.
26ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളിൽ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. അതിൽ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു. 27അതിന്റെ അരക്കെട്ടിനു മുകൾഭാഗം മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെയും കാണപ്പെട്ടു. അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിയെന്നപോലെ കാണപ്പെട്ടു. ആ രൂപത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. 28ആ പ്രകാശം മഴവില്ലുപോലെ ആയിരുന്നു. ഇങ്ങനെയാണു ഞാൻ സർവേശ്വരന്റെ മഹത്ത്വത്തിന്റെ രൂപം ദർശിച്ചത്. അതു കണ്ട മാത്രയിൽ ഞാൻ കമിഴ്ന്നുവീണു. അപ്പോൾ ആരോ സംസാരിക്കുന്ന സ്വരം ഞാൻ കേട്ടു.

Currently Selected:

EZEKIELA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in