ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. വലിയ ഒരു മേഘവും അതിനു ചുറ്റും പ്രഭപരത്തിക്കൊണ്ട് ഇടമുറിയാതെ ജ്വലിക്കുന്ന അഗ്നിയും അതിന്റെ മധ്യത്തിൽ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും ഞാൻ കണ്ടു. അതിന്റെ മധ്യത്തിൽ മനുഷ്യാകൃതിയിലുള്ള നാലു ജീവികൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ അവയ്‍ക്കോരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു. നിവർന്ന കാലുകളും കാളക്കുട്ടിയുടേതു പോലെയുള്ള കുളമ്പുകളും അവയ്‍ക്കുണ്ടായിരുന്നു. തേച്ചു മിനുക്കിയ വെള്ളോടുപോലെ ആ കുളമ്പുകൾ തിളങ്ങി. നാലു മുഖങ്ങൾക്കും നാലു ചിറകുകൾക്കും പുറമേ ഓരോ ചിറകിന്റെയും കീഴിൽ മനുഷ്യൻറേതുപോലെ ഓരോ കരവും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾ അന്യോന്യം സ്പർശിച്ചിരുന്നു. ഇടംവലം തിരിയാതെ ഓരോ ജീവിയും നേരെ മുമ്പോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു.