YouVersion Logo
Search Icon

THUHRILTU 5

5
1ദേവാലയത്തിൽ പോകുമ്പോൾ സൂക്ഷ്മതയോടെ വർത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേൾക്കുന്നതാണു വിഡ്ഢിയുടെ യാഗാർപ്പണത്തെക്കാൾ നല്ലത്. തങ്ങൾ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാർ അറിയുന്നില്ലല്ലോ. 2അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയിൽ ഒരു വാക്കും തിടുക്കത്തിൽ പറയരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക. 3ആകുലതയേറുമ്പോൾ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും. 4ദൈവത്തിനുള്ള നേർച്ച നിറവേറ്റാൻ വൈകരുത്; മൂഢന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല. നേർന്നത് അനുഷ്ഠിക്കുക. 5നേർന്നിട്ട് അർപ്പിക്കാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുകയാണ്. 6നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ; അബദ്ധം പറ്റിപ്പോയി എന്നു ദൂതനോടു പറയാൻ ഇടവരരുത്. നിന്റെ വാക്കുകൾകൊണ്ടു ദൈവം കോപിച്ച് നിന്റെ അധ്വാനഫലം നശിപ്പിക്കാൻ ഇടയാക്കണമോ? 7സ്വപ്നങ്ങൾ പെരുകുമ്പോൾ വ്യർഥവാക്കുകളും പെരുകുന്നു; അതിനാൽ നീ ദൈവത്തെ ഭയപ്പെടുക.
8ഒരു ദേശത്തു ദരിദ്രൻ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിർദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാൽ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്. 9ഭൂമിയുടെ വിളവ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. കാർഷികരാജ്യത്തിന് ഒരു രാജാവു വേണം.
10പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ. 11വിഭവങ്ങൾ ഏറുമ്പോൾ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം? 12അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാൽ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു. 13ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാൻ കണ്ടിരിക്കുന്നു; സമ്പന്നൻ തന്റെ അനർഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു. 14താൻ ഏർപ്പെട്ട സാഹസയത്നത്തിൽ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്‌കാൻ അയാളുടെ കൈയിൽ ഒന്നും അവശേഷിക്കുന്നില്ല. 15അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ അവൻ നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തിൽനിന്ന് ഒന്നും കൊണ്ടുപോകാൻ അവനു സാധ്യമല്ല. 16ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യർഥമെങ്കിൽ എന്തു നേട്ടം? 17അതു മാത്രമോ, അവന്റെ ആയുഷ്കാലം മുഴുവൻ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു. 18ദൈവം നല്‌കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാൻ കാണുന്നത്. അതാണല്ലോ അവന്റെ ഗതി. 19ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവൻ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കട്ടെ. അത് ദൈവത്തിന്റെ ദാനമാണ്. 20ദൈവം അവന്റെ ദിനങ്ങളെ ആനന്ദനിർഭരമാക്കിയിരിക്കുന്നതിനാൽ തന്റെ ആയുസ്സിന്റെ ദിനങ്ങൾ കൊഴിഞ്ഞുപോകുന്നത് അവൻ അറിയുകയേയില്ല.

Currently Selected:

THUHRILTU 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in