THUHRILTU 1
1
ജീവിതം മിഥ്യ
1യെരൂശലേമിലെ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രഭാഷകന്റെ വാക്കുകൾ:
2മിഥ്യകളിൽ മിഥ്യ എന്നു സഭാപ്രഭാഷകൻ പറയുന്നു;
ഹാ, മിഥ്യ, മിഥ്യകളിൽ മിഥ്യ, സകലവും മിഥ്യതന്നെ.
3സൂര്യനു കീഴിൽ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം?
4തലമുറകൾ വരുന്നു; പോകുന്നു;
ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു.
5സൂര്യൻ ഉദിക്കുന്നു; അസ്തമിക്കുന്നു;
ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തിൽ മടങ്ങിച്ചെല്ലുന്നു.
6കാറ്റു തെക്കോട്ടു വീശുന്നു;
അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു;
കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു.
7എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു;
എന്നിട്ടും സമുദ്രം നിറയുന്നില്ല;
നദികൾ ഉദ്ഭവിച്ചിടത്തേക്കുതന്നെ,
വെള്ളം തിരികെ ചെല്ലുന്നു.
8എല്ലാ കാര്യങ്ങളും ക്ലേശപൂർണമാണ്;
മനുഷ്യന് അതു പറഞ്ഞറിയിക്കാൻ വയ്യ;
കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല;
9ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു;
ചെയ്തതുതന്നെ ആവർത്തിക്കപ്പെടുന്നു;
സൂര്യനു കീഴിൽ പുതുതായി ഒന്നുമില്ല.
10“ഇതാ, ഇതു പുതിയതാണ്” എന്നു പറയാൻ എന്തുണ്ട്?
യുഗങ്ങൾക്കു മുമ്പേ അതുണ്ടായിരുന്നു.
11ഭൂതകാലം ആരുടെ ഓർമയിലുണ്ട്?
ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവർക്കും ഓർമയില്ല.
12സഭാപ്രഭാഷകനായ ഞാൻ യെരൂശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. 13ആകാശത്തിൻകീഴിൽ നടക്കുന്നതെല്ലാം ബുദ്ധിപൂർവം ആരാഞ്ഞറിയാൻ ഞാൻ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാൻ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം! 14സൂര്യനു കീഴിൽ നടക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യർഥവുമാണ്. 15വളഞ്ഞതു നേരെയാക്കാൻ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല. 16യെരൂശലേം ഭരിച്ച എന്റെ മുൻഗാമികളെക്കാൾ മഹത്തായ ജ്ഞാനം ഞാൻ ആർജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാൻ വിചാരിച്ചു. 17ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാൻ ഞാൻ മനസ്സുവച്ചു. ഇതും പാഴ്‍വേലയാണെന്നു ഞാൻ കണ്ടു. 18ജ്ഞാനമേറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
Currently Selected:
THUHRILTU 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.