AMOSA 7
7
വെട്ടുക്കിളിയുടെ ദർശനം
1സർവശക്തനായ സർവേശ്വരൻ എനിക്ക് ഇപ്രകാരം ഒരു ദർശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോൾ സർവേശ്വരൻ വെട്ടുക്കിളിപ്പറ്റത്തെ സൃഷ്‍ടിച്ചു.” 2വെട്ടുക്കിളികൾ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീർത്തു. അപ്പോൾ ഞാൻ ഉണർത്തിച്ചു: “സർവേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യർ എങ്ങനെ നിലനില്‌ക്കും?” 3അവിടുന്നു കനിഞ്ഞ് ആ ദർശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു.
അഗ്നിയുടെ ദർശനം
4സർവശക്തനായ സർവേശ്വരൻ വീണ്ടും എനിക്ക് ഒരു ദർശനം നല്‌കി. അവിടുന്നു തന്റെ ജനത്തെ അഗ്നിയാൽ ശിക്ഷിക്കാനൊരുങ്ങുന്നു! അഗ്നി ആഴിയെ വറ്റിച്ചശേഷം ഭൂമിയെ ദഹിപ്പിക്കാൻ തുടങ്ങി. 5അപ്പോൾ ഞാൻ ഉണർത്തിച്ചു: “സർവേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യർ എങ്ങനെ നിലനില്‌ക്കും?” 6ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു.
തൂക്കുകട്ടയുടെ ദർശനം
7അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദർശനം നല്‌കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സർവേശ്വരൻ നില്‌ക്കുന്നു. 8“ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാൻ മറുപടി നല്‌കി. സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിനെ ഞാൻ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവർ കോട്ടമുള്ള മതിൽപോലെ കാണപ്പെടുന്നു. ഇനിയും ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. 9യെരോബയാംരാജവംശത്തിനെതിരെ ഞാൻ വാളുയർത്തും. ഇസ്രായേല്യരുടെ പൂജാഗിരികൾ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങൾ ശൂന്യമാകും.
ആമോസും അമസ്യായും
10ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേൽരാജാവായ യെരോബയാമിന്റെ അടുക്കൽ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകൾ ഇങ്ങനെയാണ്: 11“യെരോബയാം യുദ്ധത്തിൽ മരിക്കും; ഇസ്രായേല്യർ പ്രവാസികളായി പോകും.” 12ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദർശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക. 13ബെഥേലിൽ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയിൽ ഇനി കണ്ടുപോകരുത്!”
14ആമോസ് മറുപടി പറഞ്ഞു: “ഞാൻ പ്രവാചകനല്ല; പ്രവാചകഗണത്തിൽ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയൻ. 15ആ ജോലിയിൽനിന്നു സർവേശ്വരൻ എന്നെ വിളിച്ചു വേർതിരിച്ച്, തന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാൻ കല്പിച്ചു. 16സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്. 17എന്നാൽ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും. പുത്രീപുത്രന്മാർ കൊല്ലപ്പെടും; നിന്റെ നിലം അന്യർ പകുത്തെടുക്കും. നിന്റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേൽജനം തീർച്ചയായും പ്രവാസികളാകും.
Currently Selected:
AMOSA 7: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.