TIRHKOHTE 20
20
വീണ്ടും മാസിഡോണിയയിലും ഗ്രീസിലും
1ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു. 2ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാർത്തു. 3പിന്നീടു സിറിയയിലേക്കു കപ്പൽ കയറാൻ ഭാവിച്ചപ്പോൾ യെഹൂദന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാൻ അദ്ദേഹം നിശ്ചയിച്ചു. 4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദർബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി 5ഞങ്ങൾക്കുവേണ്ടി ത്രോവാസിൽ കാത്തിരുന്നു. 6ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞ് ഫിലിപ്പിയിൽനിന്നു കപ്പൽകയറി അഞ്ചുദിവസം കൊണ്ട് ത്രോവാസിൽ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങൾ ഏഴുദിവസം പാർത്തു.
ത്രോവാസിൽ
7ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം മുറിക്കുവാൻ ഒന്നിച്ചു കൂടിയപ്പോൾ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാൾ അവിടെനിന്നു പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അർധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി. 8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ ഒട്ടേറെ വിളക്കുകൾ കത്തിച്ചുവച്ചിരുന്നു. 9പൗലൊസിന്റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോൾ, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനൽപടിയിൽ ഇരുന്ന് ഉറക്കംതൂങ്ങി. അയാൾ ഗാഢനിദ്രയിലായപ്പോൾ മൂന്നാമത്തെ നിലയിൽനിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാൾ മരിച്ചിരുന്നു. 10പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. 11പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു. 12അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവർ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവർക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു.
മിലേത്തൊസിലേക്ക്
13അസ്സൊസ്‍വരെ കാല്നടയായി പോകുവാൻ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏർപ്പാടു ചെയ്തതനുസരിച്ച് അസ്സോസിൽ വച്ച് അദ്ദേഹത്തെ കപ്പലിൽ കയറ്റാമെന്നു ഞങ്ങൾ വിചാരിച്ചു. അങ്ങനെ ഞങ്ങൾ മുമ്പേ കപ്പലിൽ പുറപ്പെട്ടു. 14അസ്സോസിൽവച്ച് ഞങ്ങൾ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി. 15അവിടെനിന്നു കപ്പൽ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്റെ എതിർവശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങൾ ചെന്നുചേർന്നു. 16കഴിയുമെങ്കിൽ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താൻ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസിൽ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാൻ തീരുമാനിച്ചത്.
പൗലൊസിന്റെ വിടവാങ്ങൽ
17എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: 18“ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. 19യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. 20നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 21പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. 22ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. 23അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. 24എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.
25“നിങ്ങളുടെ മധ്യത്തിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. 26അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോയാൽ, അതിനു ഞാൻ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. 27ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. 28തന്റെ ജീവൻ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന #20:28 ചില കൈയെഴുത്തു പ്രതികളിൽ ‘കർത്താവിന്റെ സഭയെ’ എന്നാണ്.ദൈവത്തിന്റെ സഭയെ സംരക്ഷിക്കുവാൻ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിൻപറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക. 29ഞാൻ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കൾ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം. 30ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ മുമ്പോട്ടു വരും. 31അതുകൊണ്ട് ഉണർന്നിരിക്കുക; മൂന്നു വർഷം രാപകൽ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാൻ നിങ്ങൾക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങൾ ഓർമിച്ചുകൊള്ളണം.
32“നിങ്ങളുടെ ജീവിതത്തെ പടുത്തുയർത്തുവാനും, സകല വിശുദ്ധന്മാർക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ സമർപ്പിക്കുന്നു. 33ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. 34എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങൾക്കുവേണ്ടി, ഈ കൈകൾകൊണ്ടു ഞാൻ അധ്വാനിച്ചു എന്നത് നിങ്ങൾക്കുതന്നെ അറിവുള്ളതാണല്ലോ. 35വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണു ഭാഗ്യം എന്നു കർത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാൻ നിങ്ങൾക്കു മാതൃക കാട്ടിയിരിക്കുന്നു.”
36ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാർഥിച്ചു. 37അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു. 38ഇനിമേൽ തന്റെ മുഖം അവർ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവർ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.
Currently Selected:
TIRHKOHTE 20: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.