YouVersion Logo
Search Icon

TIRHKOHTE 19

19
പൗലൊസ് എഫെസൊസിൽ
1അപ്പൊല്ലോസ് കൊരിന്തിൽ ആയിരിക്കുമ്പോൾ പൗലൊസ് ഉൾനാടുകളിൽകൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു. 2“നിങ്ങൾ വിശ്വാസികളായിത്തീർന്നപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു.
അപ്പോൾ അവർ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.”
3അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങൾ സ്വീകരിച്ചത്?”
4“യോഹന്നാന്റെ സ്നാപനം” എന്ന് അവർ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാൻ മാനസാന്തരത്തിന്റെ സ്നാപനമാണ് നടത്തിയത്; തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.”
5ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിച്ചു. 6പൗലൊസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വരുകയും അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. 7അവർ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു.
8പൗലൊസ് സുനഗോഗിൽ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി. 9എന്നാൽ ചിലർ വഴങ്ങിയില്ല. അവർ വിശ്വസിക്കുവാൻ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാർഗത്തെ അവർ പരസ്യമായി ദുഷിച്ചു. അപ്പോൾ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്റെ പ്രഭാഷണശാലയിൽ പോയി #19:9 ‘ദിനംപ്രതി’ - ചില കൈയെഴുത്തു പ്രതികളിൽ ‘രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെയും’ എന്നും കൂടിയുണ്ട്.ദിനംപ്രതി സംവാദം നടത്തിപ്പോന്നു. 10ഇങ്ങനെ രണ്ടു വർഷം ചെയ്തതിന്റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കുവാനിടയായി.
സ്കേവായുടെ പുത്രന്മാർ
11ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങൾ പ്രവർത്തിച്ചു. 12പൗലൊസിന്റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കൾ അവരിൽനിന്നു വിട്ടുപോകുകയും ചെയ്തുവന്നു. 13ദേശാടനം ചെയ്ത് പിശാചുബാധ ഒഴിക്കുന്ന ചില യെഹൂദമന്ത്രവാദികൾ ദുഷ്ടാത്മാക്കൾക്കെതിരെ കർത്താവിന്റെ നാമം ഉപയോഗിക്കുവാൻ തുനിഞ്ഞു. “പൗലൊസ് ആരെപ്പറ്റി പ്രസംഗിക്കുന്നുവോ, ആ യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ശപഥം ചെയ്തു കല്പിക്കുന്നു” എന്ന് അവർ പറഞ്ഞു. 14സ്കേവാ എന്ന പുരോഹിതമുഖ്യന്റെ ഏഴു പുത്രന്മാരാണ് ഇപ്രകാരം ചെയ്തത്.
15എന്നാൽ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാൽ നിങ്ങളാരാണ്?”
16പിന്നീട് ഭൂതബാധിതൻ അവരുടെമേൽ ചാടിവീണ് എല്ലാവരെയും പതംവരുത്തി കീഴടക്കി. അവർ പരുക്കേറ്റു നഗ്നരായി ആ വീട്ടിൽനിന്ന് ഓടി രക്ഷപെട്ടു. 17എഫെസൊസിൽ നിവസിക്കുന്ന എല്ലാ യെഹൂദന്മാരും ഗ്രീക്കുകാരും ഈ സംഭവം അറിഞ്ഞപ്പോൾ വല്ലാതെ ഭയപ്പെട്ടു; കർത്താവായ യേശുവിന്റെ നാമം കൂടുതൽ പ്രകീർത്തിക്കപ്പെടുകയും ചെയ്തു. 18വിശ്വസിച്ചവരായ പലരും വന്നു തങ്ങളുടെ പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. 19ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന അനേകമാളുകൾ തങ്ങളുടെ ഗ്രന്ഥങ്ങൾ കൊണ്ടുവന്നു പരസ്യമായി ചുട്ടുകളഞ്ഞു. അവയുടെ വില കണക്കാക്കി നോക്കിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു. 20ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു.
എഫെസൊസിലുണ്ടായ കലഹം
21ഈ സംഭവങ്ങൾക്കുശേഷം പൗലൊസ് മാസിഡോണിയയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കു പോകണമെന്ന് ആത്മനിയോഗംമൂലം തീരുമാനിച്ചു. അവിടെ ചെന്നശേഷം റോമും സന്ദർശിക്കണം എന്ന് അദ്ദേഹം വിചാരിച്ചു. 22തന്റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു.
23അക്കാലത്ത് ക്രിസ്തുമാർഗത്തെച്ചൊല്ലി എഫെസൊസിൽ വലിയ കലഹമുണ്ടായി. 24അവിടെ ദെമെത്രിയൊസ് എന്നൊരു ശില്പി അർത്തെമിസ്ദേവിയുടെ ക്ഷേത്രരൂപം വെള്ളികൊണ്ട് ഉണ്ടാക്കിവന്നിരുന്നു; ആ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് അത് നല്ലൊരു ആദായവുമായിരുന്നു. 25ഈ തൊഴിലാളികളെ അയാൾ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാർഗമാണ് ഈ തൊഴിൽ എന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. 26എന്നാൽ മനുഷ്യകരങ്ങളാൽ നിർമിക്കപ്പെട്ടവ ദേവന്മാർ അല്ലെന്നു പറഞ്ഞ് പൗലൊസ് എന്ന മനുഷ്യൻ എഫെസൊസിൽ മാത്രമല്ല, ഏഷ്യാസംസ്ഥാനത്ത് മിക്കവാറും ഉടനീളം ഒട്ടേറെയാളുകളെ വശീകരിച്ചു വഴിതെറ്റിക്കുന്നത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ. 27ഇതുമൂലം നമ്മുടെ തൊഴിൽ നിന്ദ്യമായിത്തീരുമെന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ അർത്തെമിസ്മഹാദേവിയുടെ ക്ഷേത്രം യാതൊരു വിലയുമില്ലാത്തതായി പരിഗണിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഏഷ്യാസംസ്ഥാനത്തുള്ള സമസ്തജനങ്ങളുമെന്നല്ല, ഭൂതലത്തിലെങ്ങുമുള്ളവർ പൂജിച്ചുവരുന്ന ദേവിയുടെ മാഹാത്മ്യത്തിനു കോട്ടം തട്ടുകയും ചെയ്യും.”
28ഇതു കേട്ടപ്പോൾ അവർ രോഷാകുലരായി, “എഫെസ്യരുടെ അർത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആർത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവൻ പ്രക്ഷുബ്‍ധമായി; 29ജനം ഒത്തുചേർന്ന് പൗലൊസിന്റെ സഹയാത്രികരായ ഗായോസ്, അരിസ്തർഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു. 30പൗലൊസ് ജനക്കൂട്ടത്തിന്റെ മുമ്പിലേക്കു ചെല്ലുവാൻ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാർ അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. 31ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരിൽ ചിലർ പൗലൊസിന്റെ സുഹൃത്തുക്കളായിരുന്നതിനാൽ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു. 32ജനം ക്ഷുഭിതരായിരുന്നതിനാൽ, തങ്ങൾ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേർക്കും അറിഞ്ഞുകൂടായിരുന്നു. ചിലർ ഒരു വിധത്തിലും മറ്റുചിലർ മറ്റൊരു വിധത്തിലും മുറവിളികൂട്ടി. 33യെഹൂദന്മാർ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടർ സംസാരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാൻ ആംഗ്യം കാട്ടിക്കൊണ്ട് അയാൾ പ്രതിവാദിക്കുവാൻ ഭാവിച്ചു. 34എന്നാൽ അയാൾ യെഹൂദനാണെന്നറിഞ്ഞപ്പോൾ “എഫെസ്യരുടെ അർത്തെമിസ്മഹാദേവി ജയിക്കട്ടെ” എന്ന് അവർ ഏകസ്വരത്തിൽ ആർത്തുവിളിച്ചു. ഈ ശബ്ദകോലാഹലം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.
35ഒടുവിൽ എഫെസൊസിലെ നഗരകാര്യദർശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്റെയും സംരക്ഷകയാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? 36ഇവയൊക്കെ അനിഷേധ്യമായ വസ്തുതകളാകയാൽ, തിടുക്കത്തിലൊന്നും ചെയ്യാതെ ശാന്തരായിരിക്കുക. 37നിങ്ങൾ ഇവരെ ഇവിടെ പിടിച്ചുകൊണ്ടു വന്നുവല്ലോ; ഇവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരോ, നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല. 38എന്നാൽ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികൾക്കും, ആരുടെയെങ്കിലും പേരിൽ പരാതിയുണ്ടെങ്കിൽ അതു കേൾക്കുവാൻ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവർ കോടതിയിൽ വന്ന് വ്യവഹരിക്കട്ടെ. 39അതല്ല, വേറെ കാര്യം ചൊല്ലിയാണു തർക്കമെങ്കിൽ, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയിൽവച്ച് അതു തീർക്കാമല്ലോ. 40ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാൽ, നമ്മുടെപേരിൽ അധികാരികൾ കുറ്റം ചുമത്തുവാൻ ഇടയുണ്ട്. കൂട്ടംകൂടി നമ്മൾ ബഹളം കൂട്ടിയതിനു സമാധാനം പറയുവാൻ ഒന്നുമില്ലല്ലോ.” 41ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

Currently Selected:

TIRHKOHTE 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in