TIRHKOHTE 18
18
കൊരിന്തിൽ
1അതിനുശേഷം പൗലൊസ് ആഥൻസിൽനിന്ന് കൊരിന്തിലേക്കു പോയി. 2അവിടെവച്ച് പൊന്തൊസ്കാരൻ അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസർ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്‍ക്ക് ഇറ്റലിയിൽനിന്നു വന്നവരായിരുന്നു ആ ദമ്പതികൾ. പൗലൊസ് അവരെ സന്ദർശിച്ചു. 3കൂടാരനിർമാണമായിരുന്നു അവരുടെ തൊഴിൽ. പൗലൊസിന്റെയും തൊഴിൽ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാർത്ത് ആ പണിയിൽ ഏർപ്പെട്ടു. 4എന്നാൽ ശബത്തുതോറും അദ്ദേഹം സുനഗോഗിൽ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുപോന്നു.
5ശീലാസും തിമൊഥെയോസും മാസിഡോണിയയിൽനിന്നു വന്നശേഷം പൗലൊസ് മുഴുവൻ സമയവും വചനഘോഷണത്തിലേർപ്പെട്ടു. യേശു തന്നെയാണ് സാക്ഷാൽ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 6അവർ അദ്ദേഹത്തെ എതിർക്കുകയും ദുഷിക്കുകയും ചെയ്തതിനാൽ തന്റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ; ഞാൻ നിരപരാധിയത്രേ. ഇനി ഞാൻ വിജാതീയരുടെ അടുക്കലേക്കു പോകും.”
7പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്റെ വീട്ടിൽ ചെന്നു പാർത്തു. അദ്ദേഹം ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു. 8സുനഗോഗിന്റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകൾ പൗലൊസിന്റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു.
9രാത്രിയിൽ ഒരു ദർശനത്തിൽ കർത്താവു പൗലൊസിനോട് അരുൾചെയ്തു: “നീ ഭയപ്പെടരുത്; പ്രസംഗിച്ചുകൊള്ളുക; മിണ്ടാതിരിക്കരുത്. ഞാൻ നിന്റെകൂടെയുണ്ട്; 10ആരും നിന്നെ കൈയേറ്റം ചെയ്യുകയോ ദ്രോഹിക്കുകയോ ഇല്ല. ഈ നഗരത്തിൽ എനിക്കു ധാരാളം ആളുകളുണ്ട്.” 11അങ്ങനെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം പൗലൊസ് അവിടെ പാർത്തു.
12ഗല്ലിയോൻ, അഖായയിലെ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയിൽ ഹാജരാക്കി. 13“യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാൻ ഈ മനുഷ്യൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവർ അദ്ദേഹത്തിൽ ആരോപിച്ചു.
14പൗലൊസ് മറുപടി പറയുവാൻ ഭാവിച്ചപ്പോൾ ഗല്ലിയോൻ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധർമമോ ആയിരുന്നെങ്കിൽ നിങ്ങളുടെ സങ്കടം ഞാൻ ക്ഷമയോടെ കേൾക്കാമായിരുന്നു. 15എന്നാൽ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധർമശാസ്ത്രത്തിന്റെയും പ്രശ്നമാണെങ്കിൽ, നിങ്ങൾതന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികർത്താവാകുവാൻ എനിക്കു സമ്മതമില്ല.” 16അദ്ദേഹം അവരെ കോടതിയിൽനിന്നു പുറത്താക്കുകയും ചെയ്തു. 17അവർ എല്ലാവരുംകൂടി സുനഗോഗിന്റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പിൽ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല.
അന്ത്യോക്യയിലേക്കുള്ള മടക്കയാത്ര
18പൗലൊസ് കുറെനാൾകൂടി കൊരിന്തിൽ പാർത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പൽകയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയിൽവച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു. 19എഫെസൊസിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗിൽ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി. 20കുറെനാൾകൂടി അവിടെ പാർക്കുവാൻ അവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. 21“ദൈവം അനുവദിച്ചാൽ ഞാൻ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസിൽനിന്നു കപ്പൽകയറി.
22കൈസര്യയിൽ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു. 23പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാൾ പ്രവർത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.
അപ്പൊല്ലോസ് കൊരിന്തിലും എഫെസൊസിലും
24അലക്സാന്ത്രിയാ സ്വദേശിയായ അപ്പൊല്ലോസ് എന്നൊരു യെഹൂദൻ എഫെസൊസിൽ എത്തി. നല്ലൊരു വാഗ്മി ആയിരുന്നു അദ്ദേഹം. വേദഗ്രന്ഥം കൈകാര്യം ചെയ്യുന്നതിൽ പ്രഗല്ഭനും, 25കർത്താവിന്റെ മാർഗത്തെക്കുറിച്ച് ഉപദേശം ലഭിച്ച ആളുമായിരുന്നു. യോഹന്നാന്റെ സ്നാപനത്തെക്കുറിച്ച് മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ എങ്കിലും ആത്മാവിൽ തീക്ഷ്ണതയുള്ളവനായി യേശുവിനെ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. 26അദ്ദേഹം സുനഗോഗുകളിൽ സുധീരം പ്രസംഗിക്കുവാൻ തുടങ്ങി. അക്വിലായും പ്രിസ്കില്ലയും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗം കൂടുതൽ സ്പഷ്ടമായി വിശദീകരിച്ചുകൊടുത്തു. 27അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാൻ ആഗ്രഹിച്ചപ്പോൾ സഹോദരന്മാർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാർക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാൽ വിശ്വാസികളായിത്തീർന്നവർക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു. 28യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങൾ ഉദ്ധരിച്ചു സമർഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങൾ അദ്ദേഹം ഖണ്ഡിച്ചു.
Currently Selected:
TIRHKOHTE 18: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.