YouVersion Logo
Search Icon

2 TIMOTHEA 4

4
1ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്ന ക്രിസ്തുയേശുവിന്റെ മുമ്പാകെയും അവിടുത്തെ ആഗമനത്തെയും ഭരണത്തെയും പരിഗണിച്ച് ഇത് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: 2ദൈവത്തിന്റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കൾക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്. 3എന്തെന്നാൽ ഉത്തമമായ ഉപദേശങ്ങൾ മനുഷ്യർ വഹിക്കാത്ത കാലം വരുന്നു. 4തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേൾക്കുവാനുള്ള അഭിലാഷത്താൽ, സ്വന്തം അഭീഷ്ടത്തിനു ചേർന്ന ഉപദേഷ്ടാക്കളെ അവർ വിളിച്ചുകൂട്ടും. 5സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവർ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാൽ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്റെ ജോലി നിർവഹിക്കുകയും, നിന്റെ ശുശ്രൂഷ പൂർത്തിയാക്കുകയും ചെയ്യുക.
6ഞാൻ ബലികഴിക്കപ്പെടേണ്ട സമയമായിക്കഴിഞ്ഞു. എനിക്കു ലോകത്തോടു വിടവാങ്ങേണ്ട സമയം ആയിരിക്കുന്നു. 7ഞാൻ നല്ല പോർ പൊരുതു; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. 8നീതിപൂർവം വിധിക്കുന്ന കർത്താവു അത് ആ ദിവസം എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, കർത്താവിന്റെ ആഗമനത്തെ സ്നേഹപൂർവം കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ അതു സമ്മാനിക്കപ്പെടും.
പ്രത്യേക പ്രബോധനം
9നീ എത്രയും വേഗം എന്റെ അടുക്കൽ വരുവാൻ കഴിയുന്നത്ര ഉത്സാഹിക്കുക. 10ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെവിട്ടു തെസ്സലോനിക്യയിലേക്കു പോയി. ക്രെസ്കേസ് ഗലാത്യക്കും, തീത്തോസ് ദല്മാത്യക്കും പോയിരിക്കുന്നു. 11ലൂക്കോസ് മാത്രമേ എന്റെ കൂടെയുള്ളൂ. നീ മർക്കോസിനെക്കൂടി കൂട്ടിക്കൊണ്ടുവരണം; എന്റെ ശുശ്രൂഷയിൽ അവൻ വളരെയധികം ഉപകരിക്കും. 12തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്. 13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ ഏല്പിച്ചിരുന്ന പുറങ്കുപ്പായവും പുസ്തകങ്ങളും വിശിഷ്യ തുകൽ എഴുത്തുകളും നീ വരുമ്പോൾ കൊണ്ടുവരണം.
14ചെമ്പുപണിക്കാരൻ അലക്സാണ്ടർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം ദൈവം നല്‌കും. 15നാം അറിയിക്കുന്ന സന്ദേശത്തെ ശക്തിയുക്തം എതിർക്കുന്നവനായതുകൊണ്ട് അയാളെ നീ സൂക്ഷിച്ചുകൊള്ളണം.
16ആദ്യം ഞാൻ പ്രതിവാദം നടത്തിയപ്പോൾ എന്റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരിൽ ദൈവം കണക്കിടാതിരിക്കട്ടെ. 17എന്നാൽ കർത്താവ് എന്റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവണ്ണം ദൈവവചനം പൂർണമായി പ്രസംഗിക്കുവാനുള്ള ശക്തി കർത്താവ് എനിക്കു നല്‌കി. അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു. 18എല്ലാ തിന്മകളിൽനിന്നും കർത്താവ് എന്നെ വീണ്ടെടുക്കുകയും തന്റെ സ്വർഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും.
19പ്രിസ്കില്ലയ്‍ക്കും, അക്വിലായ്‍ക്കും, ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം പറയുക. 20എരസ്തൊസ് കൊരിന്തിൽ തങ്ങി. ത്രൊഫിമൊസിന് രോഗം പിടിപെട്ടതിനാൽ ഞാൻ മിലേത്തൊസിൽ ആക്കിയിട്ടു പോന്നു.
21ശീതകാലത്തിനു മുമ്പ് നീ വന്നുചേരുവാൻ പരമാവധി ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും മറ്റെല്ലാ സഹോദരങ്ങളും നിനക്കു വന്ദനം പറയുന്നു.
22കർത്താവു നിന്റെ ആത്മാവിനോടുകൂടി ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കട്ടെ.

Currently Selected:

2 TIMOTHEA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in