YouVersion Logo
Search Icon

2 TIMOTHEA 3

3
അന്ത്യനാളുകൾ
1അന്ത്യനാളുകളിൽ ദുർഘട സമയങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക. 2മനുഷ്യർ സ്വാർഥപ്രിയരും ദ്രവ്യാഗ്രഹികളും ഗർവിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും 3ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുർവൃത്തരും 4ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും. 5അവർ മതത്തിന്റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നു നില്‌ക്കുക. 6,7അവരിൽ ചിലർ വീടുകളിൽ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുർബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങൾക്കും അധീനരുമായ ആ സ്‍ത്രീകൾ ആരു പറയുന്നതും കേൾക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാൻ അവർക്ക് ഒരിക്കലും സാധ്യമല്ല. 8യന്നേസും യംബ്രേസും മോശയോട് എതിർത്തു നിന്നതുപോലെ, ഈ മനുഷ്യരും സത്യത്തെ എതിർക്കുന്നു. അവർ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്. 9എന്നാൽ അവർ വളരെ മുന്നേറുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധിശൂന്യതപോലെ, അവരുടെ ബുദ്ധിശൂന്യതയും എല്ലാവർക്കും അറിവുള്ളതാണല്ലോ.
അവസാന ഉപദേശങ്ങൾ
10എന്റെ ഉപദേശവും ജീവിതരീതിയും ജീവിതലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അറിഞ്ഞിട്ടുള്ളതാണ്. 11അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ പീഡനങ്ങളും കഷ്ടാനുഭവങ്ങളും നിനക്ക് അറിയാമല്ലോ. ഞാൻ എന്തെല്ലാം സഹിച്ചു എന്നും നിനക്കറിയാം. അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു. 12ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും പീഡിപ്പിക്കപ്പെടും. 13അതേസമയം ദുഷ്ടജനങ്ങളും കപടനാട്യക്കാരും മറ്റുള്ളവരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയിൽ മുന്നേറും. 14നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങൾ ആരിൽനിന്നു പഠിച്ചു എന്നോർമിച്ച് അവയിൽ ഉറച്ചുനില്‌ക്കുക. 15ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്. 16അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാർമിക പരിശീലനത്തിനും ഉപകരിക്കുന്നു. 17അതിലൂടെ ദൈവഭക്തിയുള്ള മനുഷ്യൻ പൂർണത പ്രാപിക്കുകയും എല്ലാ സൽക്കർമങ്ങളും ചെയ്യുന്നതിന് ഒരുക്കപ്പെടുകയും ചെയ്യുന്നു.

Currently Selected:

2 TIMOTHEA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in