2 CHRONICLE 5
5
1ദേവാലയത്തിന്റെ പണികൾ പൂർത്തിയായപ്പോൾ ശലോമോൻ തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ വസ്തുക്കളും കൊണ്ടുവന്ന് ദേവാലയ ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ചു.
പെട്ടകം ദേവാലയത്തിൽ
(1 രാജാ. 8:1-9)
2സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം സീയോനിൽനിന്നു കൊണ്ടുവരാൻ ഇസ്രായേല്യനേതാക്കളെയും ഗോത്രത്തലവന്മാരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും ശലോമോൻ യെരൂശലേമിൽ വിളിച്ചുകൂട്ടി. 3ഏഴാം മാസത്തിലെ പെരുന്നാളിന് ഇസ്രായേൽജനമെല്ലാം രാജസന്നിധിയിൽ സമ്മേളിച്ചു. 4ഇസ്രായേൽജനനേതാക്കളെല്ലാം വന്നുകൂടിയപ്പോൾ ലേവ്യർ പെട്ടകം എടുത്തു. 5ഉടമ്പടിപ്പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലുണ്ടായിരുന്ന എല്ലാ വിശുദ്ധപാത്രങ്ങളും പുരോഹിതന്മാരും ലേവ്യരുംകൂടി ദേവാലയത്തിൽ കൊണ്ടുവന്നു. 6ശലോമോൻരാജാവും രാജസന്നിധിയിൽ പെട്ടകത്തിന്റെ മുമ്പിൽ സമ്മേളിച്ച ഇസ്രായേൽജനവും കൂടി അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു. 7പിന്നീട് പുരോഹിതന്മാർ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്നു വച്ചു. 8പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നില്ക്കത്തക്കവിധം കെരൂബുകൾ പെട്ടകത്തിന്റെ മീതെ ചിറകുകൾ വിടർത്തിനിന്നു. 9അന്തർമന്ദിരത്തിനു മുമ്പിൽ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രങ്ങൾ കാണത്തക്കവിധം അത്രയ്ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്റെ തണ്ടുകൾ. എന്നാൽ പുറമേനിന്നു നോക്കിയാൽ തണ്ടുകൾ കാണാൻ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്. 10ഈജിപ്തിൽനിന്ന് ഇസ്രായേൽജനം പുറപ്പെട്ടുവന്നപ്പോൾ സീനായിമലയിൽ വച്ചാണല്ലോ സർവേശ്വരൻ അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തിൽ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തിൽ ഉണ്ടായിരുന്നില്ല. 11പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു; 12ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ പുത്രന്മാർ, ചാർച്ചക്കാർ എന്നീ ലേവ്യഗായകരെല്ലാം നേർത്ത ലിനൻ വസ്ത്രം ധരിച്ചിരുന്നു. അവർ ഇലത്താളങ്ങൾ, കിന്നരങ്ങൾ, വീണകൾ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്റെ കിഴക്കുവശത്തു നിന്നു. 13കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തിൽ സർവേശ്വരന് സ്തുതിസ്തോത്രങ്ങൾ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ സർവേശ്വരനെ പ്രകീർത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്ക്കുന്നു.” അപ്പോൾ സർവേശ്വരന്റെ ആലയത്തിൽ ഒരു മേഘം വന്നു നിറഞ്ഞു. 14അവിടുത്തെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞതിനാൽ അവിടെ നിന്നു ശുശ്രൂഷ നിർവഹിക്കാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
Currently Selected:
2 CHRONICLE 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.