കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തിൽ സർവേശ്വരന് സ്തുതിസ്തോത്രങ്ങൾ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ സർവേശ്വരനെ പ്രകീർത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്ക്കുന്നു.” അപ്പോൾ സർവേശ്വരന്റെ ആലയത്തിൽ ഒരു മേഘം വന്നു നിറഞ്ഞു. അവിടുത്തെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞതിനാൽ അവിടെ നിന്നു ശുശ്രൂഷ നിർവഹിക്കാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.