ഉൽപ്പത്തി 6

6
മനുഷ്യനിലെ അധർമം
1മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു. 2ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു. 3അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല;#6:3 അഥവാ, വസിക്കുകയില്ല. മനുഷ്യൻ നശ്വരൻ#6:3 അഥവാ, അശുദ്ധമായതു തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു.
4ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ.
5ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. 6ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. 7“ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു. 8എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
നോഹയും പ്രളയവും
9നോഹയെക്കുറിച്ചുള്ള വിവരണം ഇപ്രകാരമായിരുന്നു:
നോഹ തന്റെ സമകാലീനരായ ആളുകൾക്കിടയിൽ നീതിമാനും നിഷ്കളങ്കനുമായിരുന്നു; അദ്ദേഹം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു.#6:9 മൂ.ഭാ. ദൈവമുമ്പാകെ ദൈവത്തോടുകൂടെ നടന്നു. 10നോഹയ്ക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നുപുത്രന്മാർ ഉണ്ടായിരുന്നു.
11എന്നാൽ, ഭൂമി ദൈവത്തിന്റെ ദൃഷ്ടിയിൽ അഴിമതിയുള്ളതും അക്രമം നിറഞ്ഞതുമായിരുന്നു. 12ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു. 13അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, “ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം. 14ആകയാൽ നിനക്കുവേണ്ടി ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിൽ അറകൾ നിർമിച്ച് വെള്ളം കയറാത്തവിധം അതിന്റെ അകത്തും പുറത്തും കീൽ തേക്കണം. 15നീ പെട്ടകം നിർമിക്കേണ്ടത് ഇനി പറയുന്ന കണക്കുകൾപ്രകാരം ആയിരിക്കണം, അതിന് നീളം മുന്നൂറ് മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പത് മുഴവും ഉണ്ടായിരിക്കണം.#6:15 ഏക. 135 മീ. നീളം, 23 മീ. വീതി, 14 മീ. ഉയരം. 16പെട്ടകത്തിന് ഒരു മേൽക്കൂര ഉണ്ടാക്കണം, മേൽക്കൂരയ്ക്കുതാഴേ ഒരുമുഴം#6:16 ഏക. 45 സെ.മീ. അകലത്തിൽ പെട്ടകത്തിനുചുറ്റും#6:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. കിളിവാതിൽ ഉണ്ടാക്കണം. പെട്ടകത്തിന്റെ വശത്ത് ഒരു വാതിൽ വെക്കണം, ഒരു കീഴ്ത്തട്ടും ഇടത്തട്ടും മേൽത്തട്ടും ഉണ്ടായിരിക്കണം. 17ആകാശത്തിനുകീഴേ ജീവനുള്ള സകലതിനെയും, ജീവശ്വാസമുള്ള ജന്തുക്കളെ എല്ലാറ്റിനെയും, നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും. 18എന്നാൽ, എന്റെ ഉടമ്പടി ഞാൻ നിന്നോട് ഉറപ്പിക്കും; നീ പെട്ടകത്തിൽ പ്രവേശിക്കണം; നിന്നോടൊപ്പം നിന്റെ പുത്രന്മാരും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരുടെ ഭാര്യമാരും ഉണ്ടാകണം. 19സകലജീവികളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടിനെ—അവയും നിന്നോടൊപ്പം ജീവനോടിരിക്കേണ്ടതിന്—നീ പെട്ടകത്തിനുള്ളിലേക്കു കൊണ്ടുവരണം. 20എല്ലാത്തരം പക്ഷികളിലും എല്ലാത്തരം മൃഗങ്ങളിലും നിലത്തുകൂടി ഇഴയുന്ന എല്ലാത്തരം ജന്തുക്കളിലുംനിന്നും ഈരണ്ടെണ്ണം—ജീവനോടെ സൂക്ഷിക്കപ്പെടേണ്ടതിനു—നിന്റെ അടുക്കൽ വരേണ്ടതാകുന്നു. 21നിനക്കും അവയ്ക്കും വേണ്ടുന്ന സകലവിധ ഭക്ഷണസാധനങ്ങളും നീ ശേഖരിച്ചുവെക്കണം. അത് നിനക്കും അവയ്ക്കും ഭക്ഷണമായിരിക്കണം.”
22ദൈവം കൽപ്പിച്ചതുപോലെതന്നെ നോഹ ചെയ്തു—അതേ, അദ്ദേഹം ചെയ്തു.

Kleurmerk

Deel

Kopieer

None

Wil jy jou kleurmerke oor al jou toestelle gestoor hê? Teken in of teken aan

Video vir ഉൽപ്പത്തി 6