YouVersion 標識
搜索圖示

ഉൽപ്പത്തി 4

4
കയീനും ഹാബേലും
1ഇതിനുശേഷം ആദാം#4:1 അഥവാ, മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന്#4:1 വാങ്ങുക അഥവാ, കൈക്കലാക്കുക എന്നർഥം. ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,”#4:1 അഥവാ, സമ്പാദിച്ചു. എന്ന് അവൾ പറഞ്ഞു. 2ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു.
ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു. 3വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. 4ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി; 5എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി.
6യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു. 7നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.
8ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം”#4:8 ചി.കൈ.പ്ര. “നമുക്കു വയലിലേക്കു പോകാം” എന്ന വാക്യഭാഗം കാണുന്നില്ല. എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി.
9അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു.
10അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. 11ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും. 12നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.”
13അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്! 14ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു.
15യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല,#4:15 ചി.കൈ.പ്ര. വളരെ നല്ലത്. ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു. 16കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ്#4:16 ചുറ്റിത്തിരിയുക എന്നർഥം. ദേശത്തു ചെന്നു താമസിച്ചു.
17കയീൻ തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഗർഭിണിയായി, ഹാനോക്കിനെ പ്രസവിച്ചു. അക്കാലത്ത് കയീൻ ഒരു പട്ടണം പണിതു. അതിന് അയാൾ തന്റെ മകനായ ഹാനോക്കിന്റെ പേരിട്ടു. 18ഹാനോക്കിന് ഈരാദ് ജനിച്ചു. ഈരാദിൽനിന്ന് മെഹൂയയേൽ ജനിച്ചു; മെഹൂയയേലിൽനിന്ന് മെഥൂശയേൽ ജനിച്ചു; മെഥൂശയേലിൽനിന്ന് ലാമെക്ക് ജനിച്ചു.
19ലാമെക്ക് രണ്ടുസ്ത്രീകളെ വിവാഹംചെയ്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ല എന്നും പേരായിരുന്നു. 20ആദാ യാബാലിനെ പ്രസവിച്ചു; അയാൾ കൂടാരങ്ങളിൽ പാർക്കുന്നവർക്കും കന്നുകാലികളെ പരിപാലിക്കുന്നവർക്കും പിതാവായിരുന്നു. 21അദ്ദേഹത്തിന്റെ സഹോദരന്റെ പേര് യൂബാൽ എന്നായിരുന്നു. യൂബാൽ കിന്നരം വായിക്കുകയും ഓടക്കുഴൽ ഊതുകയും ചെയ്യുന്ന എല്ലാവർക്കും പിതാവായിരുന്നു. 22സില്ലയ്ക്ക് തൂബാൽ-കയീൻ എന്നൊരു മകൻ ഉണ്ടായിരുന്നു; അയാൾ വെങ്കലവും ഇരുമ്പുംകൊണ്ടുള്ള എല്ലാത്തരം ഉപകരണങ്ങളും വാർത്തുണ്ടാക്കിയിരുന്നു. തൂബാൽ-കയീന് നയമാ എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു.
23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു:
“ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക;
ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക.
എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു,
എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.
24കയീനുവേണ്ടി ഏഴുമടങ്ങു പ്രതികാരം നടത്തുമെങ്കിൽ,
ലാമെക്കിനുവേണ്ടി എഴുപത്തിയേഴു മടങ്ങായിരിക്കും.”
25ആദാം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഒരു മകനെ പ്രസവിച്ചു; അവന് ശേത്ത്#4:25 അനുവദിക്കപ്പെട്ടത് അഥവാ, നൽകപ്പെട്ടത് എന്നർഥം. എന്നു പേരിട്ടു. “കയീൻ ഹാബേലിനെ വധിച്ചതുകൊണ്ട് അവനു പകരമായി ദൈവം എനിക്കു മറ്റൊരു ശിശുവിനെ തന്നിരിക്കുന്നു” എന്ന് അവൾ പറഞ്ഞു. 26ശേത്തിനും ഒരു മകൻ ജനിച്ചു. അവന് ഏനോശ് എന്നു പേരിട്ടു.
അക്കാലത്ത് മനുഷ്യർ യഹോവയുടെനാമത്തിലുള്ള ആരാധന#4:26 മൂ.ഭാ. മനുഷ്യർ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. തുടങ്ങി.

醒目顯示

分享

複製

None

想要在所有設備上保存你的醒目顯示嗎? 註冊或登入