യോഹന്നാൻ 9
9
യേശു ജന്മനാ അന്ധനായ ഒരുവന് കാഴ്ചനൽകുന്നു
1യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. 2ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?”
3മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. 4പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. 5ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.”
6ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. 7“നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.
8അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?” 9“അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു.
“അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു.
“ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു.
10“എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു.
11അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.”
12“ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു.
“എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു.
പരീശന്മാരുടെ അന്വേഷണം
13അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. 15അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.”
16പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു.
മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.
17അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!”
“അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു.
18അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. 19അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.
20അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു. 21എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.” 22യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. 23അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.
24അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.
25“അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.”
26അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു.
27അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
28അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ! 29മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.”
30അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല! 31പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു. 32ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. 33ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”
34അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി.
ആത്മിക അന്ധത
35അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?”
36“അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.”
37യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു.
38“കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു.
39യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”
40സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.
41യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.