YouVersion 標誌
搜尋圖標

ഉൽപ്പത്തി 2

2
1ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി.
2ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു. 3സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.
ആദാമും ഹവ്വായും
4-5ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്:
യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ#2:4-5 അഥവാ, നിലത്ത് മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6ഭൂമിയിൽനിന്ന് ഉറവ#2:6 അഥവാ, മഞ്ഞ് പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്. 7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ#2:7 എബ്രായഭാഷയിൽ മനുഷ്യൻ എന്ന വാക്കിന് ആദാം എന്നും നിലം എന്ന വാക്കിന് ആദാമാ എന്നുമാണ്. ഈ വാക്കുകൾ തമ്മിൽ വളരെ സാമ്യമുണ്ട്. മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
8യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി. 9മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും#2:9 ഇവിടെ, ജീവവൃക്ഷം, വിവക്ഷിക്കുന്നത് മനുഷ്യർക്ക് അനന്തമായി ജീവിക്കാൻ ഉതകുന്ന ഫലം പുറപ്പെടുവിക്കുന്ന വൃക്ഷം എന്നാണ്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.
10ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി. 11ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്. 12ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും#2:12 അതായത്, ഒരുതരം സുഗന്ധദ്രവ്യം, മരത്തിന്റെ കറയാണിത്. ഗോമേദകരത്നവും അവിടെയുണ്ട്. 13രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ്#2:13 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കണക്കാക്കപ്പെടുന്നു. ദേശംമുഴുവനും ചുറ്റിയൊഴുകുന്നു. 14മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.
15യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി. 16യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം; 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”
18അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.
19യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു. 20അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു.
എന്നാൽ ആദാമിന്#2:20 അഥവാ, മനുഷ്യന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല. 21അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ#2:21 അഥവാ, മനുഷ്യന്റെ ഒരുഭാഗം ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി. 22പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
23അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:
“ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും
എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;
നരനിൽനിന്ന് എടുത്തിരിക്കുകയാൽ
ഇവൾക്കു ‘നാരി#2:23 ഇവിടെ, നരൻ, നാരി എന്നിവയുടെ എബ്രായ രൂപങ്ങളായ ഈശ്, ഈശാഹ് എന്നിവ തമ്മിലും വളരെ സാമ്യമുണ്ട്.’ എന്നു പേരാകും.”
24ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.
25അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入