ഉൽപ്പത്തി 11

11
ബാബേൽ ഗോപുരം
1ലോകംമുഴുവനും ഒരേ ഭാഷയും ഒരേ സംസാരരീതിയും ആയിരുന്നു. 2മനുഷ്യർ പൂർവദിക്കിലേക്കു നീങ്ങിയപ്പോൾ ശിനാർ#11:2 അഥവാ, ബാബേൽ ദേശത്ത് ഒരു സമതലഭൂമി കണ്ടെത്തുകയും അവിടെ സ്ഥിരവാസം ആരംഭിക്കുകയും ചെയ്തു.
3“വരൂ, നമുക്ക് ഇഷ്ടികയുണ്ടാക്കി ശരിക്കും ചുട്ടെടുക്കാം,” അവർ പരസ്പരം പറഞ്ഞു. അവർ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു. 4പിന്നെ അവർ, “വരിക, നാം ഭൂതലത്തിലെല്ലാം ചിതറിപ്പോകാതിരിക്കാൻ നമുക്ക് ഒരു പട്ടണവും നാം പ്രസിദ്ധരായിത്തീരേണ്ടതിന്#11:4 മൂ.ഭാ. പട്ടണവും നമുക്ക് ഒരു പേരുണ്ടാക്കേണ്ടതിന്. ആകാശംവരെ എത്തുന്ന ഒരു ഗോപുരവും നിർമിക്കാം” എന്നു പറഞ്ഞു.
5എന്നാൽ, മനുഷ്യർ പണിതുകൊണ്ടിരുന്ന പട്ടണവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിവന്നു. 6അപ്പോൾ യഹോവ: “ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജനതയായ ഇവർ ഇങ്ങനെ പ്രവർത്തിച്ചുതുടങ്ങിയെങ്കിൽ അവർ ആസൂത്രണം ചെയ്യുന്ന ഒരു കാര്യവും അവർക്ക് അസാധ്യമാകുകയില്ല. 7വരിക, നമുക്ക് ഇറങ്ങിച്ചെന്ന്, അവർ ആശയവിനിമയം ചെയ്യുന്നത് പരസ്പരം മനസ്സിലാക്കാതിരിക്കേണ്ടതിന് അവരുടെ ഭാഷ കലക്കിക്കളയാം” എന്നു പറഞ്ഞു.
8അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂമിയിൽ എല്ലായിടത്തുമായി ചിതറിച്ചു; അവർ പട്ടണനിർമാണം ഉപേക്ഷിച്ചു. 9യഹോവ ഭൂമിയിലുള്ള സകലമനുഷ്യരുടെയും ഭാഷ അവിടെവെച്ചു കലക്കിക്കളഞ്ഞതുകൊണ്ട് ആ പട്ടണത്തിന് ബാബേൽ#11:9 അതായത്, ബാബിലോൺ ഈ പദം ആശയക്കുഴപ്പം എന്നതിനുള്ള എബ്രായപദത്തോടു സാമ്യമുണ്ട്. എന്നു പേരായി. അവിടെനിന്നു യഹോവ അവരെ ഭൂതലത്തിൽ എല്ലായിടത്തുമായി ചിതറിച്ചുകളഞ്ഞു.
ശേംമുതൽ അബ്രാംവരെ
10ശേമിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്:
പ്രളയം കഴിഞ്ഞു രണ്ടു വർഷമായപ്പോൾ, അതായതു ശേമിനു നൂറ് വയസ്സായപ്പോൾ, അദ്ദേഹത്തിന് അർപ്പക്ഷാദ് ജനിച്ചു. 11അർപ്പക്ഷാദിന് ജന്മംനൽകിയതിനുശേഷം ശേം അഞ്ഞൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
12അർപ്പക്ഷാദിനു മുപ്പത്തിയഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് ശേലഹ് ജനിച്ചു. 13ശേലഹിന് ജന്മംനൽകിയതിനുശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.#11:13 ലൂക്കോ. 3:35,36
14ശേലഹിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് ഏബെർ ജനിച്ചു. 15ഏബെരിന് ജന്മംനൽകിയതിനുശേഷം ശേലഹ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
16ഏബെരിനു മുപ്പത്തിനാല് വയസ്സായപ്പോൾ അദ്ദേഹത്തിന് പേലെഗ് ജനിച്ചു. 17പേലെഗിന് ജന്മംനൽകിയതിനുശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
18പേലെഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് രെയൂ ജനിച്ചു. 19രെയൂവിന് ജന്മംനൽകിയതിനുശേഷം പേലെഗ് ഇരുനൂറ്റി ഒൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
20രെയൂവിനു മുപ്പത്തിരണ്ട് വയസ്സായപ്പോൾ അദ്ദേഹത്തിന് ശെരൂഗ് ജനിച്ചു. 21ശെരൂഗിന് ജന്മംനൽകിയതിനുശേഷം രെയൂ ഇരുനൂറ്റിയേഴ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
22ശെരൂഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് നാഹോർ ജനിച്ചു. 23നാഹോരിന് ജന്മംനൽകിയതിനുശേഷം ശെരൂഗ് ഇരുനൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
24നാഹോരിന് ഇരുപത്തിയൊൻപത് വയസ്സായപ്പോൾ അദ്ദേഹത്തിന് തേരഹ് ജനിച്ചു. 25തേരഹിന് ജന്മംനൽകിയതിനുശേഷം നാഹോർ നൂറ്റി പത്തൊൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
26തേരഹിനു എഴുപത് വയസ്സായപ്പോൾ അദ്ദേഹത്തിന് അബ്രാമും നാഹോരും ഹാരാനും ജനിച്ചു.
അബ്രാമിന്റെ കുടുംബം
27തേരഹിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്:
തേരഹിൽനിന്നാണ് അബ്രാമും നാഹോരും ഹാരാനും ജനിച്ചത്. ഹാരാനിൽനിന്ന് ലോത്ത് ജനിച്ചു. 28ഹാരാൻ തന്റെ ജന്മദേശമായ കൽദയരുടെ പട്ടണമായ ഊരിൽവെച്ച് തന്റെ പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചു. 29അബ്രാമും നാഹോരും വിവാഹിതരായി. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി എന്നും നാഹോരിന്റെ ഭാര്യയുടെ പേര് മിൽക്കാ എന്നും ആയിരുന്നു. (സാറായി ഹാരാന്റെ മകളായിരുന്നു; അവളുടെ സഹോദരിമാരായിരുന്നു മിൽക്കയും യിസ്കയും.) 30സാറായി വന്ധ്യയായിരുന്നു; അവൾക്കു കുട്ടികൾ ഇല്ലായിരുന്നു.
31തേരഹ് തന്റെ പുത്രനായ അബ്രാമിനെയും ഹാരാന്റെ പുത്രനും തന്റെ പൗത്രനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയുംകൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുന്നതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് യാത്രപുറപ്പെട്ടു; എന്നാൽ അവർ ഹാരാനിൽ എത്തി അവിടെ താമസമാക്കി.
32തേരഹിന്റെ ആയുസ്സ് ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു. തേരഹ് ഹാരാനിൽവെച്ചു മരിച്ചു.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入