YouVersion 標誌
搜尋圖標

ലൂക്കൊസ് 20

20
1ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു: 2നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു. 3അതിന്നു ഉത്തരമായി അവൻ: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ. 4യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു എന്നു ചോദിച്ചു. 5അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും. 6മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു: 7എവിടെനിന്നോ? ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു. 8യേശു അവരോടു:എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.
9 # യെശയ്യാവു 5:1 അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു. 10സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. 11അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. 12അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. 13അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. 14കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു. 15അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും? 16അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. 17#സങ്കീർത്തനങ്ങൾ 118:22അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു? 18ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
19ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. 20പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. 21അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. 22നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. 23അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ; 24അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു. 25എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു. 26അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27 # അപ്പൊ. പ്രവൃത്തികൾ 23:8 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു: 28#ആവർത്തനപുസ്തകം 25:5ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 29എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. 30രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. 31അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. 32ഒടുവിൽ സ്ത്രീയും മരിച്ചു. 33എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ. 34അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. 35എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. 36അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു. 37#പുറപ്പാടു 3:6മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. 38ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ. 39അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു. 40പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
41എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
42 # സങ്കീർത്തനങ്ങൾ 110:1 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
43 എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ. 44ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
45എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു: 46നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. 47അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入