യോഹന്നാൻ 8
8
1യേശുവോ ഒലീവ് മലയിലേക്കു പോയി. 2അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു: 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു. 5#ലേവ്യപുസ്തകം 20:10; ആവർത്തനപുസ്തകം 22:22-24ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. 6ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 7അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു. 8പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 9അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. 10യേശു നിവിർന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു: 11ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
12 #
മത്തായി 5:14; യോഹന്നാൻ 9:5 യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. 13#യോഹന്നാൻ 5:31പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു. 14യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. 15നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. 16ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു. 17#ആവർത്തനപുസ്തകം 19:15രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. 18ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. 19അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 20അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
21അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു. 22ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു. 23അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. 24ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. 25അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. 26നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. 27പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല. 28ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും. 29എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. 30അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
31തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി 32സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. 33#മത്തായി 3:9; ലൂക്കൊസ് 3:8അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. 34അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. 35ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. 37നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. 38പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. 39അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. 40എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. 41നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. 42യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. 43എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. 44നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 45ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? 47ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. 48യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു. 49അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. 50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു. 51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. 52യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. 53ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു 54യേശു: ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. 55എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. 56നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 57യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. 58യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു. 59അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.