YouVersion 標誌
搜尋圖標

യോഹന്നാൻ 7

7
1അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. 2#ലേവ്യപുസ്തകം 23:34; ആവർത്തനപുസ്തകം 16:13എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു. 3അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. 4പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. 5അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. 6യേശു അവരോടു: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ. 7നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു. 8നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല; 9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
10അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി. 11എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. 12പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. 13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
14പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. 15വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു. 16യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. 17അവന്റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. 18സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല. 19മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു? 20അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 21യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. 22#ലേവ്യപുസ്തകം 12:3; ഉല്പത്തി 17:10മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ ‒ അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു ‒ നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. 23#യോഹന്നാൻ 5:9മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ? 24കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
25യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? 26അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? 27എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു. 28ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. 29ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. 30ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈ വെച്ചില്ല. 31പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു. 32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. 33യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. 34നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു. 35അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ? 36നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
37 # ലേവ്യപുസ്തകം 23:36 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. 38#യെഹെസ്കേൽ 47:1; സെഖര്യാവു 14:8എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. 39അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. 40പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു. 41വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? 42#2. ശമൂവേൽ 7:12; മീഖാ 5:2ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. 43അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. 44അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈ വെച്ചില്ല.
45ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു: 46ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു. 47പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ? 48പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? 49ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു. 50#യോഹന്നാൻ 3:1,2അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു: 51ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. 52അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
53[അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入