YouVersion 標誌
搜尋圖標

ഉല്പത്തി 8

8
1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു. 2ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. 3വെള്ളം ഇടവിടാതെ ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി. 4ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറെച്ചു. 5പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി. 6നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. 7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു. 8ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു. 9എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി. 10ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. 11പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. 12പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല. 13ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. 14രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
15ദൈവം നോഹയോടു അരുളിച്ചെയ്തതു: 16നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. 17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ. 18അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. 19സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി. 20നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു. 21യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്റെ മനോനിരൂപണം ബാല്യം മുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല. 22ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入