YouVersion 標誌
搜尋圖標

ലൂക്കൊസ് 15

15
1ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. 2ഇവൻ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. 3അവരോട് അവൻ ഈ ഉപമ പറഞ്ഞു: 4നിങ്ങളിൽ ഒരു ആൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? 5കണ്ടുകിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു 6വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും. 7അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? 9കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. 10അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. 12അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. 13ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. 14എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. 15അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. 16പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല. 17അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. 18ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. 19ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. 20അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. 21മകൻ അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. 22അപ്പൻ തന്റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ. 23തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ; നാം തിന്ന് ആനന്ദിക്ക. 24ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി. 25അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, 26ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു. 27അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. 28അപ്പോൾ അവൻ കോപിച്ച്, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു. 29അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. 30വേശ്യമാരോടുകൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു. 31അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻറേത് ആകുന്നു. 32നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入