YouVersion 標誌
搜尋圖標

യോഹന്നാൻ 13

13
1പെസഹാപെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. 2അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; 3പിതാവു സകലവും തന്റെ കൈയിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ 4അത്താഴത്തിൽനിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് 5ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. 6അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. 7യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. 8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. 9അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. 10യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
12അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ? 13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. 14കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. 15ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. 16ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. 17ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. 18നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. 19അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു. 20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
21ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. 22ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. 23ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. 24ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. 25അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. 26ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. 27ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. 28എന്നാൽ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. 29പണസ്സഞ്ചി യൂദായുടെ പക്കൽ ആകയാൽ പെരുന്നാളിൽ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. 30ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു.
31അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു; 32ദൈവവും അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്ത്വപ്പെടുത്തും. 33കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. 34നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. 35നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.
36ശിമോൻപത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു. 37പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞു. 38അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入