YouVersion 標誌
搜尋圖標

അപ്പൊ. പ്രവൃത്തികൾ 2

2
1പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. 2പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. 3അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. 4എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
5അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. 6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. 7എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? 8പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? 9പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും 10പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും 11ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. 12എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇത് എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. 13ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചുപറഞ്ഞു.
14അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. 15നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. 16ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
17“അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. 18എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. 19ഞാൻ മീതെ ആകാശത്തിൽ അദ്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. 20കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരും മുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 21എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു”.
22യിസ്രായേൽപുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അദ്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന 23പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; 24ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.
25“ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലത്തു ഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. 26അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവ് ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. 27നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല. 28നീ ജീവമാർഗങ്ങളെ എന്നോട് അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷപൂർണനാക്കും”
എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. 29സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. 30എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്: 31അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. 32ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിനു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. 33അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. 34ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ:
35“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു.
36ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
37ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. 38പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. 39വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. 40മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. 41അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. 42അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർഥന കഴിച്ചും പോന്നു.
43എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അദ്ഭുതങ്ങളും അടയാളങ്ങളും നടന്നു. 44വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്ന് സകലവും പൊതുവക എന്ന് എണ്ണുകയും 45ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, 46ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പംനുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർഥതയും പൂണ്ടു ഭക്ഷണം കഴിക്കയും 47ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入