GENESIS 15

15
ദൈവം അബ്രാമിനോട് ഉടമ്പടി ചെയ്യുന്നു
1ഒരു ദർശനത്തിൽ സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “അബ്രാമേ, ഭയപ്പെടേണ്ടാ, ഞാൻ നിന്റെ പരിച ആകുന്നു. ഞാൻ നിനക്കു വലിയ പ്രതിഫലം നല്‌കും.” 2അബ്രാം പറഞ്ഞു: “സർവേശ്വരനായ ദൈവമേ, എന്തു പ്രതിഫലമാണ് അവിടുന്ന് എനിക്കു നല്‌കുക? എനിക്ക് ഒരു സന്തതി ഇല്ലല്ലോ. ദമാസ്കസുകാരനായ എലിയേസരാണല്ലോ ഇപ്പോൾ എന്റെ അനന്തരാവകാശി. 3അവിടുന്ന് എനിക്കൊരു സന്തതിയെ നല്‌കാത്തതിനാൽ എന്റെ വീട്ടിൽ പിറന്ന ഒരു ദാസനായിരിക്കും എന്റെ അവകാശി.” 4അബ്രാമിന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “അവനല്ല, നിന്റെ പുത്രൻതന്നെ നിന്റെ അനന്തരാവകാശി ആയിരിക്കും.” 5അവിടുന്ന് അബ്രാമിനെ പുറത്തുകൊണ്ടുപോയി അരുളിച്ചെയ്തു: “നീ ആകാശത്തിലേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളെ എണ്ണാൻ നിനക്കു കഴിയുമോ? നിന്റെ സന്തതികളും അത്ര അധികമായിരിക്കും.” 6അബ്രാം സർവേശ്വരനിൽ വിശ്വസിച്ചു. അതിനാൽ അവിടുന്ന് അദ്ദേഹത്തെ നീതിമാനായി കണക്കാക്കി. 7അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “സർവേശ്വരനായ ഞാനാണ് ഈ ദേശം നിനക്ക് അവകാശമായി നല്‌കാൻ കല്ദായരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടു വന്നത്.” 8അബ്രാം ചോദിച്ചു: “സർവേശ്വരനായ ദൈവമേ, ഈ സ്ഥലം എൻറേതാകും എന്നു ഞാൻ എങ്ങനെ അറിയും?” 9അവിടുന്നു മറുപടി പറഞ്ഞു: “മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവിനെയും ഒരു പെൺകോലാടിനെയും ഒരു മുട്ടാടിനെയും അവയോടൊപ്പം ഒരു മാടപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക.” 10അബ്രാം അവയെ കൊണ്ടുവന്നു, മൃഗങ്ങളെ രണ്ടായി പിളർന്നു. ഇരുപകുതിയും നേർക്കുനേരെ വച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം പിളർന്നില്ല. 11മാംസം റാഞ്ചാൻ കഴുകന്മാർ പറന്നടുത്തപ്പോൾ അബ്രാം അവയെ ആട്ടിയോടിച്ചു. 12സൂര്യൻ അസ്തമിച്ചപ്പോൾ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭയാനകമായ കൂരിരുട്ട് അദ്ദേഹത്തെ മൂടി. 13അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “നിന്റെ സന്താനപരമ്പര അന്യദേശത്ത് പ്രവാസികളായി പാർക്കും; അവർ അവിടെ അടിമകളായിരിക്കും; നാനൂറു വർഷം അവർ പീഡനമേല്‌ക്കും. 14എന്നാൽ അവരെ അടിമകളാക്കിയ ജനതയെ ഞാൻ ശിക്ഷിക്കും. അവർ അവിടെനിന്നു വളരെ സമ്പത്തോടുകൂടി തിരിച്ചുവരും. 15നീയാകട്ടെ, സമാധാനത്തോടെ പൂർണവാർധക്യത്തിൽ മരിച്ച് അടക്കപ്പെടും. 16നിന്റെ സന്താനങ്ങളിൽ നാലാം തലമുറക്കാരായിരിക്കും മടങ്ങിവരുന്നത്. അമോര്യരുടെ ദുഷ്ടതയ്‍ക്കുള്ള ശിക്ഷാകാലം അപ്പോൾ മാത്രമേ പൂർണമാകൂ.” 17സൂര്യൻ അസ്തമിച്ച് ഇരുട്ട് പരന്നപ്പോൾ പുകയുന്ന ഒരു തീച്ചട്ടി പ്രത്യക്ഷപ്പെട്ടു. ജ്വലിക്കുന്ന ഒരു തീനാളം മാംസഖണ്ഡങ്ങളുടെ ഇടയിലൂടെ കടന്നുപോയി. 18അന്ന് സർവേശ്വരൻ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നൈൽനദിമുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള പ്രദേശം ഞാൻ നിന്റെ സന്തതികൾക്ക് അവകാശമായി നല്‌കും. 19കേന്യരും, കെനിസ്യരും, കദ്മോന്യരും, 20ഹിത്യരും, പെരിസ്യരും, രെഫായീമ്യരും, 21അമോര്യരും, കനാന്യരും, ഗിർഗ്ഗശ്യരും, യെബൂസ്യരും നിവസിച്ചിരുന്ന ദേശം തന്നെ.

目前选定:

GENESIS 15: malclBSI

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录