യോഹന്നാൻ 5

5
ബേഥെസ്ദാ കുളക്കരയിലെ രോഗസൗഖ്യം
1പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. 2ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ#5:2 ചി.കൈ.പ്ര. ബേഥ്സദാ, മറ്റുചിലതിൽ ബേഥ്സെയിദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. 3അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. 4ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും.#5:4 ചി.കൈ.പ്ര. വെള്ളം ഇളകുന്നതു കാത്ത്, എന്ന വാക്യഭാഗവും ഈ വാക്യവും കാണുന്നില്ല. 5മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. 6യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
7“യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു.
8അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു. 9ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു.
ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു.#5:9 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. 10അതുകൊണ്ട് സൗഖ്യമായ മനുഷ്യനോടു യെഹൂദനേതാക്കന്മാർ പറഞ്ഞു, “ഇന്നു ശബ്ബത്തുദിനമാണ്; ഇന്നു കിടക്ക ചുമക്കുന്നതു നിയമവിരുദ്ധമാണ്.”
11എന്നാൽ അയാൾ, “എന്നെ സൗഖ്യമാക്കിയ അദ്ദേഹം എന്നോടു ‘കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു’ ” എന്നു മറുപടി നൽകി.
12അപ്പോൾ അവർ അയാളോട് ചോദിച്ചു, “കിടക്കയെടുത്തു നടക്കാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആര്?”
13യേശു അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കു മാറിപ്പോയിരുന്നതുകൊണ്ട് അത് ആരായിരുന്നെന്ന് സൗഖ്യമായ മനുഷ്യൻ അറിഞ്ഞിരുന്നില്ല.
14പിന്നീട് അയാളെ യേശു ദൈവാലയത്തിൽ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ, നിനക്കു സൗഖ്യം ലഭിച്ചല്ലോ. ഇതിലും വഷളായത് വരാതിരിക്കാൻ ഇനി പാപംചെയ്യരുത്.” 15തന്നെ സൗഖ്യമാക്കിയത് യേശുവാണെന്ന് ആ മനുഷ്യൻ ചെന്ന് യെഹൂദനേതാക്കന്മാരോട് പറഞ്ഞു.
ജീവൻ പുത്രനിലൂടെ
16യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. 17യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു. 18അങ്ങനെ, ശബ്ബത്തു ലംഘിച്ചതുകൊണ്ടുമാത്രമല്ല, ദൈവത്തെ സ്വപിതാവ് എന്നു പറഞ്ഞു സ്വയം ദൈവത്തോടു സമനാക്കുകയും ചെയ്തതിനാൽ യെഹൂദനേതാക്കന്മാർ യേശുവിനെ വധിക്കാൻ അധികം യത്നിച്ചു.
19യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു. 20പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും. 21മരിച്ചവരെ പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും തനിക്കു പ്രസാദമുള്ളവർക്കു ജീവൻ നൽകുന്നു. 22അത്രയുമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടി പിതാവ് ആരെയും ന്യായംവിധിക്കാതെ ന്യായവിധിയെല്ലാം പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. 23പുത്രനെ ബഹുമാനിക്കാത്തവൻ, അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24“ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. 25ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. 26പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു. 27അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു.
28“നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; 29നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും. 30എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്.
യേശുവിനെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ
31“ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല. 32എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു.
33“നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. 34മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. 35യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു.
36“എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു. 37എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; 38അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. 39നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു;#5:39 അഥവാ, ഉപദേശിക്കുന്നു അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. 40എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല.
41“ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല. 42എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. 43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും. 44ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും?
45“ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്. 46നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. 47എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”

Vurgu

Paylaş

Kopyala

None

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın