ലൂക്കൊസ് 17
17
1അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം. 2അവൻ ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് അവന് നന്ന്. 3സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിക്ക. 4ദിവസത്തിൽ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിക്ക.
5അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. 6അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. 7നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ? 8അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ? 9തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ? 10അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ.
11അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ 12ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്: 13യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു. 14അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു. 15അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് 16അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. 17പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ? 18ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്: 19എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
20ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; 21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്ന് അവൻ ഉത്തരം പറഞ്ഞു.
22പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാൺമാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. 23അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻചെല്ലുകയുമരുത്. 24മിന്നൽ ആകാശത്തിൻകീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. 25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. 26നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. 27നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. 28ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. 29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു. 30മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നെ ആകും. 31അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്. 32ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. 33തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. 34ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. 35രണ്ടു പേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും 36[രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37അവർ അവനോട്: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്ന് അവൻ പറഞ്ഞു.
Seçili Olanlar:
ലൂക്കൊസ് 17: MALOVBSI
Vurgu
Paylaş
Kopyala
Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.