ഉൽപത്തി 14

14
1ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത് 2ഇവർ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിർശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവാർ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു. 3ഇവരെല്ലാവരും സിദ്ദീംതാഴ്‌വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോൾ ഉപ്പുകടലാകുന്നു. 4അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു. 5അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും 6ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻവരെ തോല്പിച്ചു. 7പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു. 8അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്‌വരയിൽ വച്ച് 9ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ. 10സിദ്ദീംതാഴ്‌വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവതത്തിലേക്ക് ഓടിപ്പോയി. 11സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി. 12അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. 13ഓടിപ്പോന്ന ഒരുത്തൻ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. 14തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. 15രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. 16അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു. 17അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്‌വര എന്ന ശാവേതാഴ്‌വരവരെ അവനെ എതിരേറ്റുചെന്നു. 18ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; 20നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു. 21സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു. 22അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ 23സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു. 24ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

Vurgu

Paylaş

Kopyala

None

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın