ഉൽപത്തി 11
11
1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. 2എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു. 3അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു. 4വരുവിൻ; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു. 5മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു. 6അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തുതുടങ്ങുന്നു; അവർ ചെയ്വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമാകയില്ല. 7വരുവിൻ; നാം ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു. 8അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. 9സർവഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
10ശേമിന്റെ വംശപാരമ്പര്യമാവിത്: ശേമിനു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിനു പിമ്പ് രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. 11അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
12അർപ്പക്ഷാദിനു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. 13ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
14ശാലഹിനു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. 15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
16ഏബെരിനു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. 17പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
18പേലെഗിനു മുപ്പതു വയസ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. 19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരുനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20രെയൂവിനു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു. 21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
22ശെരൂഗിനു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു. 23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
24നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. 25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
27തേരഹിന്റെ വംശപാരമ്പര്യമാവിത്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. 28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തു വച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽ വച്ചുതന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി. 29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു: അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കായുടെയും യിസ്കായുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. 30സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. 31തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്ന് അവിടെ പാർത്തു. 32തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
Seçili Olanlar:
ഉൽപത്തി 11: MALOVBSI
Vurgu
Paylaş
Kopyala
Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.