അപ്പൊ. പ്രവൃത്തികൾ 12
12
1ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. 2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. 3അത് യെഹൂദന്മാർക്ക് പ്രസാദമായി എന്നു കണ്ട് അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു. 4അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു. 5ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു. 6ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. 7പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്നു വീണുപോയി. 8ദൂതൻ അവനോട്: അര കെട്ടി ചെരിപ്പ് ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു. 9അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്ന് നിരൂപിച്ചു. 10അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്കു സ്വതവേ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി. 11പത്രൊസിനു സുബോധം വന്നിട്ടു കർത്താവ് തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കൈയിൽനിന്നും യെഹൂദാജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്ന് അവൻ പറഞ്ഞു. 12ഇങ്ങനെ ഗ്രഹിച്ചശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരുന്നു. 13അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു. 14പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു എന്ന് അറിയിച്ചു. 15അവർ അവളോട്: നിനക്കു ഭ്രാന്തുണ്ട് എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്ന് അവർ പറഞ്ഞു. 16പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു. 17അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. 18നേരം വെളുത്തപ്പോൾ പത്രൊസ് എവിടെപ്പോയി എന്ന് പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി. 19ഹെരോദാവ് അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവല്ക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.
20അവൻ സോര്യരുടെയും സീദോന്യരുടെയും നേരേ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്ന്, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലെസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു. 21നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു. 22ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു. 23അവൻ ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.
24എന്നാൽ ദൈവവചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.
25ബർന്നബാസും ശൗലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
Seçili Olanlar:
അപ്പൊ. പ്രവൃത്തികൾ 12: MALOVBSI
Vurgu
Paylaş
Kopyala

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.