ഉൽപത്തി 26
26
1അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. 2യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. 3ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. 4അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു 5ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും. 6അങ്ങനെ യിസ്ഹാക് ഗെരാരിൽ പാർത്തു. 7ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരി എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. 8അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു. 9അബീമേലെക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരി എന്നു നീ പറഞ്ഞത് എങ്ങനെയെന്നു ചോദിച്ചതിന് യിസ്ഹാക് അവനോട്: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത് എന്നു പറഞ്ഞു. 10അപ്പോൾ അബീമേലെക്: നീ ഞങ്ങളോട് ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. 11പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും എന്നു സകല ജനത്തോടും കല്പിച്ചു. 12യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടിൽ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. 13അവൻ വർധിച്ചു വർധിച്ചു മഹാധനവാനായിത്തീർന്നു. 14അവന് ആട്ടിൻകൂട്ടങ്ങളും മാട്ടിൻകൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി. 15എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. 16അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു. 17അങ്ങനെ യിസ്ഹാക് അവിടെനിന്നു പുറപ്പെട്ടു ഗെരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. 18തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർതന്നെ ഇട്ടു. 19യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു; നീരുറവുള്ള ഒരു കിണറ് കണ്ടു. 20അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ട് അവൻ ആ കിണറ്റിന് ഏശെക് എന്നു പേർ വിളിച്ചു. 21അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേർ വിളിച്ചു. 22അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർധിക്കുമെന്നു പറഞ്ഞ് അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു. 23അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി. 24അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. 25അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. 26അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു. 27യിസ്ഹാക് അവരോട്: നിങ്ങൾ എന്തിന് എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽ നിന്ന് അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു. 28അതിന് അവർ: യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽത്തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. 29ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു. 30അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു. 31അവർ അതികാലത്ത് എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക് അവരെ യാത്രയയച്ചു, അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. 32ആ ദിവസംതന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. 33അവൻ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേർ.
34ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. 35ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.
Kasalukuyang Napili:
ഉൽപത്തി 26: MALOVBSI
Haylayt
Ibahagi
Kopyahin
Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.