Logo ng YouVersion
Hanapin ang Icon

ഉൽപത്തി 21

21
1അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. 2അബ്രാഹാമിന്റെ വാർധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന അവധിക്ക് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. 3സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവൻ യിസ്ഹാക് എന്നു പേരിട്ടു. 4ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന് എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. 5തന്റെ മകനായ യിസ്ഹാക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു. 6ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു. 7സാറാ മക്കൾക്കു മുല കൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു. അവന്റെ വാർധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചത് എന്നും അവൾ പറഞ്ഞു.
8പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. 9മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്: 10ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു. 11തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി. 12എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്. 13ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു. 14അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു. 15തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. 16അവൾ പോയി അതിനെതിരേ ഒരു അമ്പിൻപാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. 17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. 18നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു. 19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. 20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. 21അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
22അക്കാലത്ത് അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്; 23ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു. 24സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു. 25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭർത്സിച്ചു പറഞ്ഞു. 26അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു. 27പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. 28അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി. 29അപ്പോൾ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന് എന്നു ചോദിച്ചു. 30ഞാൻ ഈ കിണർ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവൻ പറഞ്ഞു. 31അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു. 32ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി. 33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു. 34അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

Haylayt

Ibahagi

Kopyahin

None

Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in