GENESIS 19
19
സൊദോമിന്റെ പാപം
1ആ രണ്ടു ദൂതന്മാർ സന്ധ്യയോടുകൂടി സൊദോമിൽ എത്തി. ലോത്ത് പട്ടണവാതില്ക്കൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത് മുമ്പോട്ടു ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. 2ലോത്തു പറഞ്ഞു: “യജമാനന്മാരേ, അന്തിയുറങ്ങാൻ അടിയന്റെ വീട്ടിലേക്കു വന്നാലും. കാലുകഴുകി അവിടെ രാത്രി കഴിക്കാമല്ലോ. അതിരാവിലെ പുറപ്പെടുകയും ചെയ്യാം.” “ഇല്ല, ഞങ്ങൾ തെരുവിൽത്തന്നെ രാത്രി കഴിച്ചുകൊള്ളാം.” അവർ മറുപടി പറഞ്ഞു. 3ലോത്ത് വളരെ നിർബന്ധിച്ചപ്പോൾ അവർ ക്ഷണം സ്വീകരിച്ചു. പുളിപ്പില്ലാത്ത മാവുകൊണ്ട് അപ്പം ചുട്ട് ലോത്ത് അവർക്ക് ഒരു വിരുന്ന് ഒരുക്കി, അവരെ സൽക്കരിച്ചു. 4അവർ ഉറങ്ങാൻ കിടക്കുംമുമ്പ് പട്ടണവാസികൾ ഒന്നാകെ വന്നു, വീടുവളഞ്ഞു. 5അവർ ലോത്തിനെ വിളിച്ചു പറഞ്ഞു: “സന്ധ്യക്ക് നിന്റെ വീട്ടിൽ വന്ന പുരുഷന്മാർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടുതരിക; ഞങ്ങൾ അവരുമായി രമിക്കട്ടെ.” 6ലോത്ത് വീടിനു പുറത്തേക്കു വന്നു; വാതിൽ അടച്ചശേഷം അവരോടു പറഞ്ഞു: 7“സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ! 8എനിക്കു കന്യകമാരായ രണ്ടു പുത്രിമാർ ഉണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.” 9എന്നിട്ടും അവർ പറഞ്ഞു: “മാറി നില്ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോൾ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.” ലോത്തിനെ അവർ തള്ളിമാറ്റി, വാതിൽ പൊളിക്കാൻ ശ്രമിച്ചു. 10അപ്പോൾ ആ പുരുഷന്മാർ കൈ നീട്ടി ലോത്തിനെ പിടിച്ചു വീടിന് ഉള്ളിലാക്കി വാതിലടച്ചു. 11പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവർ വാതിൽ തപ്പി നടന്നു കുഴഞ്ഞു.
ലോത്ത് സൊദോം വിട്ടുപോകുന്നു
12അവർ ഇരുവരും ലോത്തിനോട്: “നിന്റെ സ്വന്തക്കാരായി മറ്റാരെങ്കിലും ഈ പട്ടണത്തിലുണ്ടോ” എന്നു ചോദിച്ചു. “മരുമക്കളോ, പുത്രന്മാരോ, പുത്രിമാരോ, വേറെയാരെങ്കിലുമോ ഇവിടെയുണ്ടെങ്കിൽ അവരെയെല്ലാം ഇവിടെനിന്നു കൊണ്ടുപോകുക. 13ഞങ്ങൾ ഈ സ്ഥലം നശിപ്പിക്കാൻ പോകുന്നു. ഈ പട്ടണവാസികളെക്കുറിച്ചുള്ള ആവലാതി സർവേശ്വരന്റെ സന്നിധിയിൽ വലുതായി എത്തിയിരിക്കുന്നു. ഈ പട്ടണം നശിപ്പിക്കാനാണ് അവിടുന്നു ഞങ്ങളെ അയച്ചിരിക്കുന്നത്.” 14തന്റെ പുത്രിമാരെ വിവാഹം ചെയ്യാൻ നിശ്ചയിച്ചിരുന്ന പുരുഷന്മാരുടെ അടുക്കൽചെന്ന് ലോത്തു പറഞ്ഞു: “വരൂ, ഈ ദേശത്തുനിന്നു നമുക്കു പോകാം. സർവേശ്വരൻ ഈ പട്ടണം നശിപ്പിക്കാൻ പോകുന്നു”. എന്നാൽ അത് ഒരു നേരമ്പോക്കായിട്ടാണ് അവർ കരുതിയത്. 15പ്രഭാതമായപ്പോൾ ദൂതന്മാർ ലോത്തിനോടു നിർബന്ധപൂർവം പറഞ്ഞു: “ഈ നഗരത്തിനു വരാൻ പോകുന്ന ശിക്ഷയിൽ അകപ്പെട്ടു നശിക്കാതിരിക്കാൻ ഭാര്യയെയും നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പുറപ്പെടുക. 16എന്നിട്ടും ലോത്ത് ശങ്കിച്ചുനിന്നു; സർവേശ്വരൻ ലോത്തിനോടു കരുണ കാട്ടി, ലോത്തിനെയും അയാളുടെ ഭാര്യയെയും പുത്രിമാരെയും ആ പുരുഷന്മാർതന്നെ കൈക്കു പിടിച്ച് പട്ടണത്തിനു പുറത്തു കൊണ്ടുവന്നു. 17അവരിൽ ഒരാൾ പറഞ്ഞു: “ആ മലയിലേക്ക് ഓടി രക്ഷപെടുക. തിരിഞ്ഞുനോക്കുകയോ, താഴ്വരയിലെവിടെയെങ്കിലും തങ്ങിനില്ക്കുകയോ ചെയ്യരുത്. നിങ്ങൾ ദഹിച്ചുപോകാതിരിക്കാൻ ഓടിപ്പോകുക.” 18ലോത്ത് മറുപടി പറഞ്ഞു: “അരുതേ, അങ്ങനെ ഞങ്ങളെ നിർബന്ധിക്കരുതേ. 19അവിടുന്ന് എന്നോടു കരുണ ചെയ്ത് എന്നെ രക്ഷിച്ചുവല്ലോ. മലയിലേക്ക് ഓടി എത്താൻ എനിക്ക് കഴിവില്ല. അവിടെ എത്തുന്നതിനുമുമ്പ് നാശത്തിൽപ്പെട്ട് ഞാൻ മരിച്ചുപോകും. 20അതാ, ആ കാണുന്ന ചെറിയ പട്ടണം അടുത്താണല്ലോ, ഓടിയെത്താനുള്ള ദൂരമേയുള്ളൂ. ഞങ്ങൾ അവിടേക്ക് ഓടി രക്ഷപെടട്ടെയോ?” 21ദൂതൻ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാൻ നിന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ ആ പട്ടണം ഞാൻ നശിപ്പിക്കുകയില്ല. 22വേഗം അവിടെയെത്തി രക്ഷപെടുക; നീ അവിടെ എത്തുന്നതുവരെ എനിക്ക് ഒന്നും ചെയ്യാനാവില്ല.” അങ്ങനെ ആ പട്ടണത്തിനു #19:22 സോവർ = ചെറുത്സോവർ എന്നു പേരുണ്ടായി.
സൊദോമിന്റെയും ഗൊമോറായുടെയും നാശം
23ലോത്ത് സോവറിൽ എത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24സർവേശ്വരൻ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്നു ഗന്ധകവും തീയും വർഷിച്ചു. 25ആ പട്ടണങ്ങളെയും താഴ്വരകളെയും അവിടെയുള്ള സകല നിവാസികളെയും എല്ലാ സസ്യങ്ങളെയും നശിപ്പിച്ചു. 26എന്നാൽ ലോത്തിന്റെ പിന്നാലെ വന്ന ഭാര്യ തിരിഞ്ഞു നോക്കിയതിനാൽ ഉപ്പുതൂണായിത്തീർന്നു. 27രാവിലെ അബ്രഹാം എഴുന്നേറ്റു താൻ മുമ്പു സർവേശ്വരന്റെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്ത് എത്തി. 28അവിടെ നിന്നുകൊണ്ട് സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിലേക്കും, താഴ്വരയിലുള്ള മറ്റു സ്ഥലങ്ങളിലേക്കും നോക്കി. ആ പ്രദേശത്തുനിന്നെല്ലാം തീച്ചൂളയിൽ നിന്നെന്നപോലെ പുക ഉയരുന്നതു കണ്ടു.
29താഴ്വരയിലുള്ള പട്ടണങ്ങളെ ദൈവം നശിപ്പിച്ചപ്പോൾ അബ്രഹാമിനെ ഓർത്ത് അവിടുന്ന് ആ നാശത്തിന്റെ നടുവിൽനിന്ന് ലോത്തിനെ രക്ഷിച്ചു.
മോവാബ്യരും അമ്മോന്യരും
30സോവറിൽ താമസിക്കാൻ ഭയപ്പെട്ട ലോത്ത് തന്റെ രണ്ടു പുത്രിമാരോടുകൂടി അവിടെനിന്നു പുറപ്പെട്ടു മലമ്പ്രദേശത്ത് ഒരു ഗുഹയിൽ ചെന്നു പാർത്തു. 31ഒരു ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ലോകനടപ്പനുസരിച്ച് നമ്മെ പ്രാപിക്കാൻ ഭൂമിയിൽ ഒരു പുരുഷനുമില്ല. 32അതുകൊണ്ടു നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിതാവിനോടൊത്തു ശയിച്ച് പിതാവിലൂടെ നമുക്ക് സന്തതികളെ നേടാം.” 33അങ്ങനെ അന്നു രാത്രി അവർ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു. മൂത്തപുത്രി പിതാവിനോടുകൂടെ ശയിച്ചു. അവൾ വന്നു കിടന്നതും എഴുന്നേറ്റു പോയതും അയാൾ അറിഞ്ഞില്ല. 34അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാൻ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേർക്കും പിതാവിലൂടെ സന്തതികൾ ഉണ്ടാകട്ടെ.” 35അവർ അയാളെ ആ രാത്രിയും വീഞ്ഞു കുടിപ്പിച്ചു. അനുജത്തി പിതാവിനോടുകൂടി ശയിച്ചു. അവൾ വന്നു കിടന്നതും എഴുന്നേറ്റുപോയതും അയാളറിഞ്ഞില്ല. 36അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും ഗർഭവതികളായി. 37മൂത്തവൾ ഒരു പുത്രനെ പ്രസവിച്ചു. അവനു മോവാബ് എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള മോവാബ്യരുടെ പിതാവ്. 38രണ്ടാമത്തവളും ഒരു പുത്രനെ പ്രസവിച്ചു. അവന് ബെൻ-അമ്മി എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള അമ്മോന്യരുടെ പിതാവ്.
Kasalukuyang Napili:
GENESIS 19: malclBSI
Haylayt
Ibahagi
Kopyahin
Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.