ഉൽപ്പത്തി 16

16
ഹാഗാറും യിശ്മായേലും
1അബ്രാമിന്റെ ഭാര്യയായ സാറായിക്കു മക്കൾ ജനിച്ചിരുന്നില്ല; അവൾക്കു ഹാഗാർ എന്നു പേരുള്ള ഈജിപ്റ്റുകാരിയായ ഒരു ദാസി ഉണ്ടായിരുന്നു. 2സാറായി അബ്രാമിനോട്, “യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നു. എന്റെ ദാസിയുടെ അടുക്കൽ ചെല്ലുക; അവളിലൂടെ ഒരുപക്ഷേ എനിക്ക് മക്കൾ ഉണ്ടായേക്കാം” എന്നു പറഞ്ഞു.
സാറായിയുടെ നിർദേശം അബ്രാം അംഗീകരിച്ചു. 3അങ്ങനെ അബ്രാമിന്റെ ഭാര്യ സാറായി തന്റെ ഈജിപ്റ്റുകാരി ദാസി ഹാഗാറിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുത്തു. ഇതു സംഭവിച്ചത് അബ്രാം കനാനിൽ താമസം ആരംഭിച്ചു പത്തുവർഷം കഴിഞ്ഞപ്പോഴാണ്. 4അദ്ദേഹം ഹാഗാറിന്റെ അടുക്കൽ ചെന്നു. അവൾ ഗർഭിണിയായിത്തീർന്നു.
താൻ ഗർഭവതിയായിരിക്കുന്നു എന്നറിഞ്ഞതുമുതൽ ഹാഗാർ തന്റെ യജമാനത്തിയായ സാറായിയോട് അവജ്ഞയോടെ പെരുമാറാൻതുടങ്ങി. 5അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു.
6അപ്പോൾ അബ്രാം, “നിന്റെ ദാസി നിന്റെ കൈകളിൽത്തന്നെ. നിനക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്നത് അവളോടു ചെയ്യുക” എന്നു പറഞ്ഞു. അപ്പോൾ സാറായി ഹാഗാറിനോട് നിർദയമായി പെരുമാറി; അതുകൊണ്ട് അവൾ സാറായിയെ വിട്ട് ഓടിപ്പോയി.
7യഹോവയുടെ ദൂതൻ മരുഭൂമിയിലെ ഒരു നീരുറവിനടുത്തുവെച്ച് ഹാഗാറിനെ കണ്ടു; ആ നീരുറവ ശൂരിലേക്കുള്ള പാതയുടെ അരികത്തായിരുന്നു. 8ദൂതൻ അവളോട്, “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” എന്നു ചോദിച്ചു.
അതിന് ഹാഗാർ, “ഞാൻ എന്റെ യജമാനത്തിയുടെ അടുക്കൽനിന്ന് ഓടിപ്പോകുന്നു” എന്നു മറുപടി പറഞ്ഞു.
9അപ്പോൾ യഹോവയുടെ ദൂതൻ അവളോട്: “നീ യജമാനത്തിയുടെ അടുത്തേക്കു മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്കുക” എന്നു പറഞ്ഞു. 10ദൂതൻ തുടർന്നു, “ഞാൻ നിന്റെ സന്തതിയെ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്യധികം വർധിപ്പിക്കും” എന്നും പറഞ്ഞു.
11യഹോവയുടെ ദൂതൻ അവളോടു വീണ്ടും പറഞ്ഞത്:
“ഇപ്പോൾ നീ ഗർഭവതിയാണ്.
നീ ഒരു മകനെ പ്രസവിക്കും.
നീ അവന് യിശ്മായേൽ#16:11 ദൈവം കേൾക്കുന്നു എന്നർഥം. എന്നു പേരിടണം;
യഹോവ നിന്റെ സങ്കടം കേട്ടിരിക്കുന്നു.
12അവൻ കാട്ടുകഴുതയെപ്പോലുള്ള ഒരു മനുഷ്യൻ ആയിരിക്കും.
അവന്റെ കൈ എല്ലാവർക്കും വിരോധമായിരിക്കും;
എല്ലാവരുടെയും കൈ അവനും വിരോധമായിരിക്കും;
അവൻ തന്റെ സകലസഹോദരങ്ങളോടും#16:12 അഥവാ, കിഴക്കുള്ളവരോട്. 1 രാജാ. 11:7
ശത്രുതയിൽ ജീവിക്കും.”
13അതിനുശേഷം തന്നോടു സംസാരിച്ച യഹോവയ്ക്ക് അവൾ “എന്നെ കാണുന്ന ദൈവമാണ് അങ്ങ്,” എന്നു പേരിട്ടു; “എന്നെ കാണുന്ന ദൈവത്തെ ഇപ്പോൾ ഞാനും കണ്ടിരിക്കുന്നു#16:13 അഥവാ, പിൻഭാഗം കണ്ടിരിക്കുന്നു.,” എന്ന് അവൾ പറഞ്ഞു. 14അതുകൊണ്ട് ആ നീരുറവയ്ക്ക്#16:14 മൂ.ഭാ. കിണറ്റിന് ബേർ-ലഹയീ-രോയീ#16:14 എന്നെ കാണുന്ന ജീവനുള്ളവന്റെ കിണർ എന്നർഥം. എന്നു പേരുണ്ടായി. അതു കാദേശിനും ബേരെദിനും മധ്യേ ഇപ്പോഴും ഉണ്ട്.
15ഇതിനുശേഷം ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. ഹാഗാറിൽ തനിക്കുണ്ടായ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സായിരുന്നു.

Айни замон обунашуда:

ഉൽപ്പത്തി 16: MCV

Лаҳзаҳои махсус

Паҳн кунед

Нусха

None

Want to have your highlights saved across all your devices? Sign up or sign in