ലൂക്കൊ. 23
23
പീലാത്തോസിന്‍റെ മുമ്പിൽ
1പിന്നീട് അവർ എല്ലാവരുംകൂടി അവനെ പീലാത്തോസിന്‍റെ അടുക്കൽ കൊണ്ടുപോയി: 2ഇവൻ ഞങ്ങളുടെ ജനങ്ങളെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
3പീലാത്തോസ് യേശുവിനോടു: ”നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
4പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ”ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു.
5അതിന് അവർ: ”അവൻ ഗലീല മുതൽ യെഹൂദ്യയിൽ ഇവിടെ വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു” എന്നു ഉറപ്പിച്ചു പറഞ്ഞു.
6ഇതു കേട്ടിട്ടു: ”ഈ മനുഷ്യൻ ഗലീലക്കാരനാണോ” എന്നു പീലാത്തോസ് ചോദിച്ചു; 7യേശു ഹെരോദാവിൻ്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകുന്നു എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിൻ്റെ അടുക്കൽ അവനെ അയച്ചു.
8ഹെരോദാവ് യേശുവിനെ കണ്ടിട്ട് വളരെ അധികം സന്തോഷിച്ചു; അവനെക്കുറിച്ച് കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാൻ വളരെക്കാലമായി ആഗ്രഹിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു. 9എന്നാൽ ഹെരോദാവ് ചോദ്യങ്ങൾ ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. 10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ട് നിന്നു. 11ഹെരോദാവ് തന്‍റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി വെളുത്ത വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുക്കൽ മടക്കി അയച്ചു. 12അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ എതിരാളികൾ ആയിരുന്നു.
13പീലാത്തോസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. 14അവരോട്: ”ഈ മനുഷ്യൻ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്‍റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; 15ഹെരോദാവും കണ്ടില്ല; ഹെരോദാവ് യേശുവിനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല എന്നു ഉറപ്പാണ്; 16അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്ത് വിട്ടയയ്ക്കും” എന്നു പറഞ്ഞു.
17പക്ഷേ ജനങ്ങൾ ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്നു നിലവിളിച്ചു. 18ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു 19ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു. 20പീലാത്തോസിന് യേശുവിനെ മോചിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും അവരോട് സംസാരിച്ചു. 21അവരോ: ”അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക” എന്നു എതിരെ നിലവിളിച്ചു.
22അവൻ മൂന്നാമതും അവരോട്: ”അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്തു വിട്ടയയ്ക്കും” എന്നു പറഞ്ഞു.
23അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു; 24അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തോസ് വിധിച്ചു, 25വഴക്കും കൊലപാതകവും കാരണം തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു.
26യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോൾ വയലിൽനിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ കണ്ടു. അവനെ കൊണ്ടു അവർ ക്രൂശ് ചുമപ്പിച്ചു. അവൻ യേശുവിന്‍റെ പിന്നാലെ നടന്നു.
27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി ദുഖിച്ചു കരയുന്ന അനേകം സ്ത്രീകളും അവന്‍റെ പിന്നാലെ ചെന്നു. 28യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ. 29പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. 30അന്നു മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. 31പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു.
32കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി.
33തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു. 34അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്‍റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.
35ജനം നോക്കിക്കൊണ്ട് നിന്നു. ”ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ” എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു.
36പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞ് കാണിച്ചു. 37നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. 38ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്‍റെ മീതെ ഉണ്ടായിരുന്നു.
39അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: ”നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിക്ക” എന്നു പറഞ്ഞു അവനെ കളിയാക്കി.
40മറ്റവനോ അവനെ ശാസിച്ചു: ”തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. 42പിന്നെ അവൻ: ”യേശുവേ, നിന്‍റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു.
43യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
44ഏകദേശം ആറാംമണി#23:44 ഉച്ചയ്ക്ക് 12 മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ#23:44 ഉച്ചയ്ക്ക് 3 മണി ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. 45ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി. 46യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്‍റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു. 47ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ”ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു” എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 48കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. 49അവന്‍റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.
50അരിമത്ഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി ഉണ്ടായിരുന്നു. 51അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു. 52അവൻ പീലാത്തോസിന്‍റെ അടുക്കൽ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു, 53അത് ഇറക്കി ഒരു തുണിയിൽ പൊതിഞ്ഞു, പാറയിൽ വെട്ടിയിരുന്നതും, ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വച്ചു. 54അന്നു യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. 55ഗലീലയിൽ നിന്നു അവനോടുകൂടെ അനുഗമിച്ച സ്ത്രീകളും ചെന്നു കല്ലറയും അവന്‍റെ ശരീരം വെച്ച വിധവും കണ്ടിട്ട് 56മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരിന്നു.
Айни замон обунашуда:
ലൂക്കൊ. 23: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.