ലൂക്കൊ. 10
10
യേശു എഴുപതു പേരെ അയയ്ക്കുന്നു
1അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു, 2അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്‍റെ യജമാനനോടു തന്‍റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ. 3പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. 4നിങ്ങൾ പണസഞ്ചിയും പൊക്കണവും#10:4 യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന ബാഗ് ചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
5 ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക. 6അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും. 7അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നെ താമസിക്കുക; വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുത്.
8 ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക. 9ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക. 10ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്‍റെ തെരുവുകളിൽ പോയി: 11നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക. 12ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും # 10:13 രട്ട് - ചാക്കുതുണി വെണ്ണീറിലും#10:13 വെണ്ണീർ - ചാരം ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. 14എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും. 15നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
16യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്‍റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
17ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: ”കർത്താവേ, നിന്‍റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു;
18അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നത് ഞാൻ കണ്ടു. 19പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. 20എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
21ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്. 22എന്‍റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്. 24നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ”ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം?” എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു.
26അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എങ്ങനെ വായിക്കുന്നു? എന്നു ചോദിച്ചു.
27അതിന് അവൻ: ”നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ” എന്നു ഉത്തരം പറഞ്ഞു.
28അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: ”എന്‍റെ കൂട്ടുകാരൻ ആർ?” എന്നു ചോദിച്ചു.
30യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി. 31ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി. 32അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി. 33എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്‍റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്നു. 34എണ്ണയും#10:34 മുറിവിനെ മയപ്പെടുത്തി സുഖപ്പെടുത്തുവാൻ സഹായിക്കുന്നു വീഞ്ഞും#10:34 മുറിവ് കഴുകാൻ ഉപയോഗിക്കുന്നു പകർന്നു അവന്‍റെ മുറിവുകളെ കെട്ടി അവനെ തന്‍റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു. 35പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു. 36കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
37”അവനോട് കരുണ കാണിച്ചവൻ” എന്നു അവൻ പറഞ്ഞു.
യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.
യേശു മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ
38പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു. 39അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്‍റെ കാൽക്കൽ ഇരുന്നു അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു. 40മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: ”കർത്താവേ, എന്‍റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങേയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും” എന്നു പറഞ്ഞു.
41കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. 42എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല. എന്ന് ഉത്തരം പറഞ്ഞു.
Айни замон обунашуда:
ലൂക്കൊ. 10: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Ftg.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.