യോഹ. 3

3
യേശുവും നിക്കോദെമോസും
1നിക്കോദെമോസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു. 2അവൻ രാത്രിയിൽ യേശുവിന്‍റെ അടുക്കൽ വന്നു അവനോട്: “റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല“ എന്നു പറഞ്ഞു.
3യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ അവനു ദൈവരാജ്യം കാണ്മാൻ കഴിയുകയില്ലഎന്നു ഉത്തരം പറഞ്ഞു.
4നിക്കോദെമോസ് അവനോട്: “ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവനു രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ?“ എന്നു ചോദിച്ചു.
5അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല. 6ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. 7നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്. 8കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
9നിക്കോദെമോസ് അവനോട്: “ഇതു എങ്ങനെ സംഭവിക്കും?“ എന്നു ചോദിച്ചു.
10യേശു അവനോട് ഉത്തരം പറഞ്ഞത്:നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ? 11ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല. 12ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. 14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നെ.
16തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17ദൈവം തന്‍റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ. 18അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 19ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു. 20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്‍റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല. 21സത്യം പ്രവർത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
സ്നാപകയോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നു
22അതിന്‍റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു. 23യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്‍റെ അടുക്കൽ വന്നു സ്നാനം ഏറ്റു. 24അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. 25യോഹന്നാന്‍റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി; 26അവർ യോഹന്നാന്‍റെ അടുക്കൽവന്ന് അവനോട്: “റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്‍റെ അടുക്കൽ ചെല്ലുന്നു“ എന്നു പറഞ്ഞു.
27അതിന് യോഹന്നാൻ: “സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല. 28ഞാൻ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നെ എനിക്ക് സാക്ഷികൾ ആകുന്നു. 29മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളൻ്റെ സ്നേഹിതനോ നിന്നു മണവാളൻ്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്‍റെ സന്തോഷം പൂർത്തിയായിരിക്കുന്നു. 30അവൻ വളരേണം, ഞാനോ കുറയേണം“ എന്നു ഉത്തരം പറഞ്ഞു.
31“ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു; 32എങ്കിലും അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. 33അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു. 34ദൈവം അയച്ചവൻ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. 35പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. 36പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.“

Айни замон обунашуда:

യോഹ. 3: IRVMAL

Лаҳзаҳои махсус

Паҳн кунед

Нусха

None

Want to have your highlights saved across all your devices? Sign up or sign in