ഉല്പ. 3
3
പാപത്തിന്‍റെ ആരംഭം
1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു.
2സ്ത്രീ പാമ്പിനോട്: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; 3എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.
4പാമ്പ് സ്ത്രീയോട്: “നിങ്ങൾ മരിക്കുകയില്ല നിശ്ചയം; 5അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവങ്ങളെ പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നു പറഞ്ഞു.
6ആ വൃക്ഷഫലം തിന്നുവാൻ നല്ലതും കാണുവാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കുവാൻ അഭികാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. 7ഉടനെ രണ്ടുപേരുടെയും കണ്ണ് തുറന്നു. തങ്ങൾ നഗ്നരെന്ന് അറിഞ്ഞ്, അത്തിയില കൂട്ടിച്ചേര്‍ത്ത് തങ്ങൾക്ക് അരയാട#3:7 അരയാട അര മറയ്ക്കുന്ന വസ്ത്രം. ഉണ്ടാക്കി.
8വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച#3:8 ഒച്ച ശബ്ദം എന്നുമാകാം. അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം അവരെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ?“ എന്നു ചോദിച്ചു.
10“തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്നു അവൻ പറഞ്ഞു.
11“നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?“ എന്നു ദൈവം ചോദിച്ചു.
12അതിന് മനുഷ്യൻ: “എന്നോട് കൂടെ വസിക്കുവാൻ അങ്ങ് തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞു.
13യഹോവയായ ദൈവം സ്ത്രീയോട്: “നീ എന്താണ് ഈ ചെയ്തത്? എന്നു ചോദിച്ചു.
അതിന്: “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്നു സ്ത്രീ പറഞ്ഞു.
അനുസരണക്കേടിനുള്ള ദൈവീക ശിക്ഷ
14യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്‍റെ ജീവിതാവസാനത്തോളം നീ പൊടി തിന്നും. 15ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.”
16സ്ത്രീയോട് കല്പിച്ചത്: “ഞാൻ നിനക്കു ഗർഭധാരണ ക്ലേശം ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെ ആഗ്രഹം നിന്‍റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.”
17ആദാമിനോട് കല്പിച്ചതോ: “നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാലം മുഴുവൻ നീ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനം കഴിക്കും. 18മുള്ളും പറക്കാരയും#3:18 പറക്കാരയും മൂലഭാഷയിൽ മുൾച്ചെടി, കാരമുള്ള് എന്നുമാകാം. അതിൽനിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും 19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുംവരെ മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”
20ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്‍റെ ഭാര്യയ്ക്കു ഹവ്വാ#3:20 ഹവ്വാ ജീവന്‍ എന്നു പേരിട്ടു. 21യഹോവയായ ദൈവം ആദാമിനും അവന്‍റെ ഭാര്യയ്ക്കും തോൽകൊണ്ട് വസ്ത്രം ഉണ്ടാക്കി അവരെ ധരിപ്പിച്ചു.
ആദംഹവ്വമാരെ എദെനില്‍ നിന്നും പുറത്താക്കുന്നു
22യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാൻ തക്കവിധം നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിൻ്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവരരുത്” എന്നു കല്പിച്ചു. 23അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. 24ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള വാളുമായി നിർത്തി.
Айни замон обунашуда:
ഉല്പ. 3: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.