YouVersion Logo
Search Icon

ഉൽപ്പത്തി 1

1
ആരംഭം
1ആദിയിൽ#1:1 അതായത്, സൃഷ്ടിയുടെ ആരംഭത്തിൽ. വാ. 7–8, വിതാനം ഉണ്ടാക്കുകയും വിതാനത്തിന് ദൈവം ആകാശം എന്നു പേരുവിളിക്കുകയും ചെയ്യുന്നതിനുമുമ്പ്. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു;#1:2 വാ. 9–10, വ്യക്തമാക്കുന്നതുപോലെ കര, കടൽ എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന വിഭജനം ഭൂമിക്കില്ലായിരുന്നു. വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
3“പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
6“വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ#1:6 വെള്ളവും വെള്ളവുംതമ്മിൽ വിവക്ഷിക്കുന്നത് ഭൂമിയുടെ മുകളിലും താഴെയുമുള്ള ജലശേഖരമാണ്. വേർപിരിയട്ടെ” എന്നും കൽപ്പിച്ചു. 7അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു. 8വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
9“ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 10ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
11“ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 12ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു. 13സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.
14“പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ; 15ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. 16പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. 17-18ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു. 19സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.
20“ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു. 21അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. 22ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു. 23സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം.
24“ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. 25ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
26അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും#1:26 ചി.കൈ.പ്ര. സകല ഭൂമിക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
27ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ#1:27 മൂ.ഭാ. ഏകവചനം. സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
29“ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.
31അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in